തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 41 വർഷം കടിന തടവ് ശിക്ഷ വിധിച്ച് കോടതി.
ബന്ധുവായ എട്ടുവയസുകാരിയെ പീഡിപ്പിച്ച വിളപ്പിൽ തുരുത്തുംമൂല സ്വദേശി 58 കാരനായ ശ്രീനിവാസനാണ് 41 വർഷത്തെ കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. തടവ് ജീവിതാന്ത്യം വരെ അനുഭവിക്കണം. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെൺകുട്ടിയേയും സഹോദരനേയും ബന്ധുവായ പ്രതിയുടെ വീട്ടിൽ ഏൽപ്പിച്ച ശേഷം വീട്ടുകാർ പുറത്തു പോയ സമയത്താണ് അതിക്രൂരമായ പീഡനം നടന്നത്.
സഹോദരനെ പുറത്താക്കിയ ശേഷം പെൺകുട്ടിയുടെ കൈകൾ കെട്ടിയിട്ട് വായിൽ തുണി തിരുകിയ ശേഷമാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.
എന്നാൽ പെൺകുട്ടിയുടെ സഹോദരൻ സംഭവം കണ്ടിരുന്നു. സഹോദരൻ വിവരമരിയിച്ചതിനെ തുടർന്ന് വീട്ടുകാർ വിളപ്പിൽശാല പൊലീസിൽ പരാതി നൽകുകയായിരുന്നു.
അടുത്ത ബന്ധുവായ പ്രതിയുടെ പ്രവൃത്തി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കോടതി പറഞ്ഞു. ശിശുദിനത്തിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഡി.ആർ പ്രമോദ് ഹാജരായി.