കിളിമാനൂർ:കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ കരവാരം ഗ്രാമപഞ്ചായത്തും സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേട്ടത്തിൽ.
കടുവയിൽ കെ. റ്റി. സി. റ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നോളജ് ഇക്കൊണമി മിഷൻ ഡയറക്ടർ ഡോ.പി.എസ് ശ്രീകലയാണ് പ്രഖ്യാപനം നടത്തിയത്.
സ്മാർട്ട് ഫോൺ വഴിയുള്ള സേവനങ്ങൾ പരസഹായമില്ലാതെ ഉപയോഗിക്കാൻ എല്ലാവരേയും പ്രാപ്തരാക്കുന്നതിന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത എന്ന പദ്ധതിയുടെ ഭാഗമായാണ് കരവാരം പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്.
കുടുംബശ്രീ, ഇൻഫർമേഷൻ കേരള മിഷൻ, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, സി-ഡിറ്റ്, ഡി.എ.കെ.എഫ് എന്നിവരുടെ മേൽനോട്ടത്തിലും പങ്കാളിത്തത്തിലുമാണ് പദ്ധതി നടപ്പാക്കിയത്. കരവാരം പഞ്ചായത്തിൽ 3,520 പഠിതാക്കളെയാണ് കുടുംബശ്രീ സർവേയിലൂടെ തെരഞ്ഞെടുത്തത്. ഇതിൽ 3,416 പേർ ഡിജിറ്റൽ സാക്ഷരത കൈവരിച്ചു.
സ്മാർട്ട് ഫോൺ ഉപയോഗിക്കാനുള്ള പ്രാഥമികമായ അറിവ് കൈവരിക്കുക, ഏറ്റവും അത്യാവശ്യമായ സേവനങ്ങൾ പരിചയപ്പെടുത്തുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ നിർദേശ പ്രകാരം സി-ഡിറ്റ് തയാറാക്കിയ വെബ്‌സൈറ്റ് പഠിതാക്കൾ സ്വമേധയാ ലോഗിൻ ചെയ്ത് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്‌തെടുക്കുമ്പോഴാണ് സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയതായി അംഗീകരിക്കുന്നത്. രാജ്യത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യത്തെ ബ്ലോക്ക് പഞ്ചായത്താണ് കിളിമാനൂർ ബ്ലോക്ക്.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി അധ്യക്ഷനായിരുന്നു. കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷിബുലാൽ , ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കിളിമാനൂർ ബ്ലോക്ക് ഡിജിറ്റൽ സാക്ഷരത കോ-ഓർഡിനേറ്റർ കെ. ജി ബിജു എന്നിവരും പങ്കെടുത്തു.