തിരുവനന്തപുരം:സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ ചെറുക്കുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനുമായി വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്യാമ്പയിൻ -കനൽ ഫെസ്റ്റ്-നടന്നു.
യൂണിവേഴ്‌സിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ, ലിംഗവിവേചനം എന്നിവയ്ക്കെതിരെ വിദ്യാലയങ്ങളും കലാലയങ്ങളും കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ബോധവത്കരണ ക്യാമ്പയിനാണ് കനൽ കർമ്മ പദ്ധതി.
പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സൺ മുഖാന്തരം എൻ.സി.സി, എൻ.എസ്.എസ്, കോളേജ് യൂണിയൻ, യുവജന കമ്മീഷൻ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
അസിസ്റ്റന്റ് ജില്ലാ കളക്ടർ അഖിൽ.വി.മേനോൻ മുഖ്യപ്രഭാഷണം നടത്തി. വനിതാ ശിശു വികസന വകുപ്പ് ജൻഡർ കൺസൽട്ടന്റ് ഡോ.റ്റി.കെ ആനന്ദിയുടെ നേതൃത്വത്തിൽ ലിംഗസമത്വത്തിലേയ്‌ക്കൊരു കാൽവെയ്പ്പ് എന്ന വിഷയത്തിൽ നടന്ന പ്രത്യേക ചർച്ച നടന്നു. ബോധവത്കരണ ക്ലാസിന് പുറമേ സ്വയം രക്ഷാപരിശീലനം, സംവാദം, സ്‌കിറ്റ്, ഫിലിം മേക്കിങ്, റോൾ പ്ലേ മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചിരുന്നു.
ജില്ലാ വനിത ശിശു വികസന ഓഫീസർ തസ്‌നീം പി. എസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ കവിതാ റാണി രഞ്ജിത്ത്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ചിത്രലേഖാ.എസ്, വിമൻ പ്രൊട്ടക്ഷൻ ഓഫീസർ ജീജ.എസ്, യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പാൾ ഡോ.റ്റി.സുബാഷ്. വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.