തിരുവനന്തപുരം: നഗരത്തിലെ വിവിധ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
കെ.ആര്‍.എഫ്.ബി യുടെ കീഴില്‍ നിര്‍മ്മാണത്തിലിരിക്കുന്ന 13 റോഡുകളില്‍ മാനവീയം വീഥി, കലാഭവന്‍ മണി റോഡ് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പൊതുഗതാഗതം ആരംഭിച്ചിട്ടുണ്ട്.
അവശേഷിക്കുന്ന 11 റോഡുകളില്‍ വഴുതക്കാട് ഫോറസ്റ്റ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ ബേക്കറി ജംഗ്ഷന്‍ വരെയുള്ള റോഡ്, സ്റ്റാച്യു – ജനറല്‍ ഹോസ്പിറ്റല്‍ റോഡ്, നോര്‍ക്ക-ഗാന്ധിഭവന്‍ റോഡ് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
പദ്ധതിയില്‍ ഉള്‍പ്പെടുന്ന ആല്‍ത്തറ-ചെന്തിട്ട റോഡ്, കിള്ളിപ്പാലം- അട്ടക്കുളങ്ങര റോഡ് എന്നിവയുടെ ഡ്രൈനേജ് ജോലികള്‍ ആരംഭിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. അയ്യങ്കാളി ഹാളിന് സമീപമുള്ള റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ജനുവരി അവസാന വാരത്തോടെ പൂര്‍ത്തിയാകും. പബ്ലിക് ലൈബ്രറി-നന്ദാവനം റോഡ്, എസ്. എസ് കോവില്‍ റോഡ്, അംബുജ വിലാസം റോഡ്, ന്യൂ തിയേറ്റര്‍ റോഡ് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തങ്ങളും ആരംഭിച്ചിട്ടുണ്ട്. ചാല റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുന്നതിനായി അടുത്ത ആഴ്ച അവലോകന യോഗം ചേരാനും തീരുമാനമായി.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടത്തിലുള്‍പ്പെട്ട റോഡുകളുടെ സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. പദ്ധതിയില്‍ ഉള്‍പ്പെട്ട ചരിത്ര വീഥി, താലൂക് ഓഫീസ് റോഡ്, കൊച്ചാര്‍ റോഡ്, ശ്രീമൂലം റോഡ് എന്നിവയുടെ നിര്‍മ്മാണം ഡിസംബര്‍ പത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഫെയ്‌സ് നാലില്‍ ഉള്‍പ്പെട്ട റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും യോഗത്തില്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി.ജയമോഹന്‍, ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.