തിരുവനന്തപുരം:നാല് ദിവസം നീണ്ടുനിന്ന തിരുവനന്തപുരം ജില്ലാതല കേരളോത്സവം സമാപിച്ചു.
കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ നിന്നും 338 പോയിന്റോടെ നെടുമങ്ങാട് ബ്ലോക്ക് ഒന്നാം സ്ഥാനവും വാമനപുരം ബ്ലോക്ക് രണ്ടാം സ്ഥാനവും അതിയന്നൂർ ബ്ലോക്ക് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
വാമനപുരം ബ്ലോക്കിനു 237ഉം അതിയാന്നൂർ ബ്ലോക്കിനു 228 പോയിന്റുകളും ലഭിച്ചു. അഴൂർ ഗവൺമെന്റ് എൽ.പി.എസിൽ നടന്ന സമാപനസമ്മേളനം എ എ റഹീം എംപി ഉദ്ഘാടനം ചെയ്തു. നിരവധി പ്രതിഭകളെ സൃഷ്‌ടിച്ച കേരളോത്സവം കേരളത്തിന്റെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ നാട്ടിൽ നിന്നും ഇനിയും പ്രതിഭകളെ സൃഷ്ടിക്കേണ്ടതുണ്ട്.
എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ ആരംഭിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതി ഇതിനു സഹായിക്കും. മനുഷ്യർക്ക് ഒത്തുകൂടാനുള്ള ഇടങ്ങൾ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ജനങ്ങൾ ഇത്തരം ഇടങ്ങൾ ആവശ്യപ്പെടുന്നതിന്റെ ഉദാഹരണമാണ് കേരളീയത്തിന്റെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാപനത്തോടനുബന്ധിച്ച് നടന്ന വർണ്ണാഭമായ ഘോഷയാത്രയിൽ വിദ്യാർഥികൾ, യുവജനക്ഷേമ ബോർഡ് പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ അണിനിരന്നു. ഘോഷയാത്രാ വിഭാഗത്തിൽ കഠിനംകുളം ഗ്രാമപഞ്ചായത്തിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം പോത്തൻകോട് ഗ്രാമപഞ്ചായത്തിനും മൂന്നാം സ്ഥാനം അഴൂർ സി.ഡി.എസിനും ലഭിച്ചു.
ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലെയും നാല് മുനിസിപ്പാലിറ്റികളിലെയും തിരുവനന്തപുരം കോര്‍പ്പറേഷനിലെയും കലാ- കായിക പ്രതിഭകളാണ് ജില്ലാതല കേരളോത്സവത്തില്‍ മാറ്റുരച്ചത്. അഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, അഴൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, അഴൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍,
കാര്യവട്ടം എല്‍.എന്‍.സി.പി, കണിയാപുരം മുസ്ലിം ഹൈസ്‌കൂള്‍, പിരപ്പന്‍കോട് നീന്തല്‍കുളം എന്നിവിടങ്ങളിലെ വേദികളിലാണ് കലാകായിക മത്സരങ്ങൾ നടന്നത്.
സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജാബീഗം, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും പങ്കെടുത്തു.