കഴക്കൂട്ടം:നവകേരള സദസ്സിനോട് അനുബന്ധിച്ച് കഴക്കൂട്ടം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ മുൻനിർത്തിയുള്ള പ്രചാരണ പരിപാടികൾക്ക് നാളെ (ഡിസംബർ 1) തുടക്കമാകുന്നു.
ഡിസംബർ 23 ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുന്ന നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. മണ്ഡലത്തിലെ പ്രചാരണ പരിപാടികൾ വിശദീകരിക്കുന്നതിനായി ചേർന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക എയ്ഡ്‌സ് ദിനാചാരണത്തിന്റെ ഭാഗമായി കഴക്കൂട്ടം മുതൽ കുളത്തൂർ വരെ ഇന്ന് നടക്കുന്ന കൂട്ടയോട്ടത്തോടെ മണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്ക് തുടക്കമാകും. കൂട്ടയോട്ടം വേൾഡ് ബോക്സിംഗ് ചാമ്പ്യൻ കെ.സി ലേഖ ഉദ്ഘാടനം ചെയ്യും.
കഴക്കൂട്ടത്തെ വികസന കാഴ്ചകൾ എന്ന വിഷയത്തിൽ ഡിസംബർ 2 മുതൽ 12 വരെ ഫോട്ടോഗ്രഫി മത്സരം നടക്കും. മണ്ഡലത്തിലെ എല്ലാ വാർഡുകളിലും മെഡിക്കൽ കോളേജ്, ഡെന്റൽ കോളേജ്, ആർ.സി. സി, പുലയനാർകോട്ട സി.ഡി.എച്ച്, ഡയബറ്റിക് സെന്റർ തുടങ്ങിയ സർക്കാർ ആശുപത്രികളും പ്രമുഖ സ്വകാര്യ ആശുപത്രികളും പങ്കെടുക്കുന്ന മെഡിക്കൽ ക്യാമ്പ്, വീട്ടുമുറ്റ കൂട്ടായ്മ, ക്രിക്കറ്റ്-ഫുട്ബോൾ ടൂർണമെന്റുകൾ, സ്കൂൾ-കോളേജ് തല ക്വിസ് മത്സരം, മെഗാ തിരുവാതിര എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.
ഡിസംബർ 12 മുതൽ 22 വരെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ കോളേജ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കും. ഡിസംബർ ഒൻപതിന് തൊഴിലാളി സംഗമവും ഡിസംബർ 12 ന് കിസാൻ മേളയും കർഷകസംഗമവും നടക്കും. ഡിസംബർ 14ന് പള്ളിത്തുറ മുതൽ വേളി വരെ ബോട്ടിൽ സഞ്ചരിച്ച് മത്സ്യത്തൊഴിലാളികളുടെ കടൽജാഥയും ഡിസംബർ15 ന് വനിതാ സംഗമവും ഉണ്ടാകും. ഡിസംബർ 15ന് മുന്നൂറോളം തൊഴിൽദായകർ പങ്കെടുക്കുന്ന തൊഴിൽമേള അൽസാജ് കൺവെൻഷൻ സെന്ററിൽ നടക്കും.
മണ്ഡലത്തിലെ എല്ലാ വാർഡുകളിലും ഡിസംബർ 17 മുതൽ 22 വരെ വിളംബര ജാഥയും വാർഡ് തലങ്ങളിൽ ഉദ്ഘാടനവും നടക്കും. ഡിസംബർ 17 മുതൽ 23 വരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കലാ പരിപാടികൾ, എക്സിബിഷൻ, ട്രേഡ് ഫെയർ, ഫുഡ് ഫെസ്റ്റിവൽ, ഫിലിം ഫെസ്റ്റിവൽ, കാർണിവൽ, ഇലൂമിനേഷൻ എന്നിവ കോർത്തിണക്കി ‘ഉത്സവം’ എന്ന പേരിൽ കഴക്കൂട്ടം ഫെസ്റ്റ് സംഘടിപ്പിക്കുമെന്നും എം. എൽ. എ പറഞ്ഞു.
ഡിസംബർ 18 മുതൽ ഡിസംബർ 22 വരെയുള്ള തീയതികളിലായി മണ്ഡലത്തിൽ സംരംഭക സംഗമം, കുടുംബശ്രീ മെഗാ തിരുവാതിര,നൈറ്റ് വാക്ക്,വികസന സെമിനാർ, വിദ്യാർത്ഥി -യുവജന സംഗമം, മെഗാ ബൈക്ക് റാലി, നവ കേരള ജ്യോതി എന്നിവയും ഒരുക്കിയിട്ടുണ്ട്.