വട്ടിയൂർക്കാവ്:നവകേരള സദസ്സിന്റെ ഭാഗമായി വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ നാഷണൽ ആയൂഷ് മിഷന്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു.
കുറവൻകോണം എസ്.പി.റ്റി.പി.എം യു.പി സ്‌കൂൾ, യു.ഐ.റ്റി എന്നിവിടങ്ങളിലായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വി. കെ പ്രശാന്ത് എം. എൽ. എ ഉദ്ഘാടനം ചെയ്തു.
ആയുർവേദം, ഹോമിയോ, സിദ്ധ, നാച്ചുറോപ്പതി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം തേടി നിരവധി പേരാണ് ക്യാമ്പിൽ പങ്കെടുത്തത്.
ആയുർവേദത്തിൽ ദൃഷ്ടി (നേത്ര ചികിത്സ), ശല്യതന്ത്രം (സന്ധി വേദനകൾക്കുള്ള ചികിത്സ) സ്‌പെഷ്യാലിറ്റിയും ഹോമിയോയിൽ സദ്ഗമയ (കൗമാരപ്രായക്കാരായ കുട്ടികളുടെ ശാരീരിക-മാനസിക പ്രശ്‌നങ്ങൾക്കുള്ള ചികിത്സ), ആയുഷ്മാൻഭവഃ (ജീവിതശൈലീ രോഗങ്ങൾക്കുള്ള ചികിത്സ), ജനനി (വന്ധത്യാ ചികിത്സ), സീതാലയം( സ്ത്രീകളുടെ ശാരീരിക, മാനസിക പ്രശ്‌നങ്ങൾക്കുള്ള ചികിത്സ) സ്‌പെഷ്യാലിറ്റികളും ഉണ്ടായിരുന്നു. തുടർ ചികിത്സക്കുള്ള ക്രമീകരണങ്ങളും സൗജന്യ മരുന്ന് വിതരണവും ക്യാമ്പിൽ ഒരുക്കിയിരുന്നു.