തിരുവനന്തപുരം: തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി ഉണ്ണിക്കുട്ടനാണ് (35) മരിച്ചത്.
അപകടത്തിൽ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു.ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം.
തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിന് മു്മ്പിലായിരുന്നു അപകടം. എതിർ ദിശയിലെത്തിയ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഉണ്ണിക്കുട്ടനും സുഹൃത്ത് പ്രിൻസും സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.
സംഭവ സമയത്ത് പ്രിൻസ് ആണ് വാഹനം ഓടിച്ചിരുന്നത്. റോഡിലേക്ക് തെറിച്ച് വീണ ഉണ്ണിക്കുട്ടന് സാരമായ പരിക്കുപറ്റിയിരുന്നു. പരിക്കേറ്റവരെ ഉടൻ കഴക്കൂട്ടം പൊലീസെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉണ്ണിക്കുട്ടൻ പുലർച്ചയോടെ മരിച്ചു.