തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 10 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം.
കണ്ണ് പരിശോധനയ്ക്കെത്തിയ പെൺകുട്ടിയെ ഉപദ്രവിച്ച പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി.
നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലെ ഒപി ബ്ലോക്കിന്റെ ഒന്നാം നിലയിൽ കണ്ണുപരിശോധന വിഭാഗത്തിലാണ് പെൺകുട്ടി ചികിത്സക്കെത്തിയത്.
കണ്ണിൽ മരുന്നൊഴിച്ച് തുടര്‍ പരിശോധന കാത്തിരുന്ന കുട്ടിയെയാണ് ആശുപത്രി മുറിയിലെക്ക് എത്തിയ ആൾ ഉപദ്രവിച്ചത്. കുട്ടിയുടെ നിലവിളികേട്ട് പുറത്ത് കാത്തിരുന്ന രക്ഷിതാക്കൾ ഓടിയെത്തി, നാട്ടുകാര്‍ കൂടി. ഇതോടെ ആശുപത്രിയിൽ നിന്ന് ഇറങ്ങിഓടി ബൈക്കിൽ കയറി കടന്ന് കളയാൻ ശ്രമിച്ച ഉദിയൻകുളങ്ങര സ്വദേശി സതീഷിനെ നാട്ടുകാര്‍ പിന്നാലെ ഓടി പിടികൂടുകയായിരുന്നു.
പ്രതിയെ നെയ്യാറ്റിൻകര പൊലീസിന് കൈമാറി. രക്ഷിതാവെന്ന വ്യാജേനയാണ് അക്രമി ആശുപത്രിയിൽ കയറിയതെന്നും പിടിയിലായ സതീശ് ഇതിനുമുൻപും ഇത്തരം അതിക്രമം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു