വിഴിഞ്ഞം : വീട്ടിൽനിന്നു കാണാതായ യുവാവിനെ കോവളത്തിനു സമീപത്തെ പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തി.
വെങ്ങാനൂർ മണിമംഗലത്ത് ബാലകൃഷ്ണൻ നായരുടെയും ലളിതകുമാരിയുടെയും മകനായ അഭിലാഷ് (43) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12-ഓടെ വീട്ടിൽനിന്നു പുറത്തുപോയ അഭിലാഷിനെ വൈകീട്ടും കാണാതായതിനെത്തുടർന്ന് വിഴിഞ്ഞം പോലീസിൽ പരാതി നൽകിയിരുന്നു.
തിങ്കളാഴ്ച രാവിലെ അഭിലാഷ് ഓടിച്ചിരുന്ന ബൈക്ക് കോവളം കാനറാ ബാങ്കിനു സമീപം കണ്ടതോടെ ബന്ധുക്കൾ വിവരം വിഴിഞ്ഞം പോലീസിൽ അറിയിച്ചു.
പൊലീസ് സമീപപ്രദേശങ്ങളിലെ സി.സി.ടി.വി. ദ്യശ്യങ്ങൾ പരിശോധിച്ചു.ഈ ദൃശ്യങ്ങളിൽ അഭിലാഷ് പാറമടയുള്ള വഴിയിലേക്ക് നടന്നുപോകുന്നതു കണ്ടിരുന്നു. ഇതേത്തുടർന്ന് പോലീസ് അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീമിന്റെ സഹായംതേടി. സംഘമെത്തി പാറമടയിൽ ഉച്ചവരെ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.