കുറ്റിച്ചല്‍:കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ കോട്ടൂര്‍ ഗോത്ര മേഖലയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള സാഹചര്യം ഒരുക്കി നല്‍കുന്നതിന് ആവശ്യമായ ശുപാർശ സംസ്ഥാന സര്‍ക്കാരിനു നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു.
വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവര്‍ക്കൊപ്പം പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ കോട്ടൂര്‍ ഗോത്ര മേഖലയിലെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
മറ്റു ജില്ലകളില്‍ നിന്നു വ്യത്യസ്തമായി കോട്ടൂര്‍ ഗോത്ര മേഖല നഗരപ്രദേശങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുള്ളതാണ്. ഈ പ്രദേശത്ത് ഗോത്രവിഭാഗങ്ങള്‍ക്ക് കൈവശ അവകാശമുള്ള ഭൂമിയിലുള്ള കാര്‍ഷിക വിളവുകളാണ് ജനങ്ങളുടെ ഉപജീവനമാര്‍ഗം. പണ്ടുമുതലേ പുലര്‍ത്തി വന്നിട്ടുള്ള കാര്‍ഷിക രീതികളാണ് ഇപ്പോഴും ഇവിടെയുള്ളവര്‍ അവലംബിക്കുന്നത്. ഇവര്‍ക്ക് നൂതനമായ കാര്‍ഷിക രീതികള്‍ പരിചയപ്പെടുത്തി നല്‍കുന്നതിന് ആവശ്യമായ പരിശീലനം ആവശ്യമാണ്. റബര്‍, കുരുമുളക്, മഞ്ഞള്‍, അടയ്ക്ക തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. മെച്ചപ്പെട്ട രീതിയില്‍ ഉത്പാദനം വര്‍ധിപ്പിക്കാനും ആരും ചൂഷണം ചെയ്യാതെ മെച്ചപ്പെട്ട വില ലഭിക്കുന്ന നിലയില്‍ വിപണനം ചെയ്യുന്നതിനുമുള്ള സംവിധാനവും ഏര്‍പ്പെടുത്തേണ്ടതുണ്ട്.
ഈ മേഖലയില്‍ ഒട്ടനവധി പെണ്‍കുട്ടികളും ആണ്‍കുട്ടികളും പ്ലസ്ടു വിദ്യാഭ്യാസം കഴിഞ്ഞ് പഠനം നിര്‍ത്തുന്നതായി ഊര് സന്ദര്‍ശനത്തില്‍ ബോധ്യപ്പെട്ടു. അവര്‍ക്ക് തുടര്‍ പഠനത്തിനായി ഫെസിലിറ്റേറ്റര്‍മാരെയും പഠനമുറിയും സജ്ജമാക്കിയിട്ടുണ്ട്. ദൂര സ്ഥലങ്ങളില്‍ പോയി പി എസ് സി പരീക്ഷയ്ക്കുളള പരിശീലനം നേടുന്നതിനുള്ള സാഹചര്യം ഇല്ലെന്ന് യുവജനങ്ങള്‍ പറഞ്ഞു. പഠനമുറികളില്‍ യുവജനങ്ങള്‍ക്ക് പി എസ് സി പരീക്ഷ എഴുതുന്നതിന് ഉള്‍പ്പെടെയുള്ള പരിശീലനം നല്‍കുന്നതിന് പ്രത്യേകമായ ക്ലാസ് നടത്തുന്നത് തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് സഹായകമാകും.
വയോജനങ്ങള്‍ക്കുള്ള പെന്‍ഷന്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന് ക്രമീകരണം ഒരുക്കണം. ഗോത്ര മേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിനായി സജ്ജമാക്കിയിട്ടുള്ള ക്ഷേമ പദ്ധതികളെപറ്റി ആളുകള്‍ക്ക് മതിയായ ധാരണയില്ലെന്ന് കമ്മിഷനു ബോധ്യമായി. കാന്‍സര്‍ രോഗികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി, വിവിധ ക്ഷേമ പദ്ധതികള്‍, ആനുകൂല്യങ്ങള്‍ എന്നിവ അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ പഞ്ചായത്ത്, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവയുടെ ഭാഗത്തുനിന്നും ഉണ്ടാകണം. അസുഖം വന്നാല്‍ രാത്രി കാലങ്ങളില്‍ വാഹനങ്ങള്‍ ലഭ്യമാകാത്ത സ്ഥിതിയുണ്ട്. മുന്‍പ് വീടുകളില്‍ ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്ഥിതിയുമുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ ആവശ്യമുണ്ട്. ഗര്‍ഭിണികളായവര്‍ക്ക് ആവശ്യമായ എല്ലാ പരിചരണവും ചികിത്സയും ലഭിക്കുന്നുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
കോട്ടൂര്‍ പാങ്കാവ് പോങ്ങുംകുഴി സെറ്റില്‍മെന്റിലെ കുഞ്ഞുലക്ഷ്മി (72), കൈതോട് കുന്നുംപുറത്തു വീട്ടില്‍ ചന്ദ്രിക, മകള്‍ കുമാരി, ചോനാമ്പാറ കിഴക്കുംകര കുന്നുംപുറത്തു വീട്ടില്‍ ഭഗവതി (83), മാങ്കോട് മണ്‍പുറത്തുവീട്ടില്‍ പരപ്പി(55), പൊടിയം വൈഗഭവനില്‍ മാലി(69), കാണിസെറ്റില്‍മെന്റ് മുക്കുവത്തിവയലില്‍ പരപ്പി(85), കാണിസെറ്റില്‍മെന്റില്‍ ചെറുമാങ്കല്‍ കാളിയെന്ന പരപ്പി(90) എന്നിവരെ വനിതാ കമ്മിഷന്‍ വീടുകളില്‍ എത്തി സന്ദര്‍ശിച്ചു. ഒറ്റയ്ക്കു കഴിയുന്നവരെയും കാന്‍സര്‍, മാനസിക പ്രശ്‌നം, വിധവകള്‍ തുടങ്ങിയവരെയും നേരില്‍ കണ്ട കമ്മിഷന്‍ ചെയര്‍പേഴ്‌സണും അംഗങ്ങളും അവരുടെ ബുദ്ധിമുട്ടുകള്‍, ചികിത്സ, ഭക്ഷണം, റേഷന്‍, തൊഴിലുറപ്പ് പദ്ധതി, വീടുകളുടെ സ്ഥിതി, വിവിധ ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ തുടങ്ങിയവ ലഭിക്കുന്നുണ്ടോ എന്നുള്ള വിവരങ്ങള്‍ ചോദിച്ചറിയുകയും പരിഹാര നിര്‍ദേശങ്ങള്‍ ഉടന്‍തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പഠനം കഴിഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്കായി തയ്യല്‍ യൂണിറ്റ് ആരംഭിക്കുന്നതിന് കമ്മിഷന്‍ നിര്‍ദേശം നല്‍കി. കാലിന് സ്വാധീന കുറവുള്ള ചന്ദ്രികയ്ക്ക് വീല്‍ച്ചെയറും വീട്ടിലേക്ക് പാചക വാതക കണക്ഷനും ലഭ്യമാക്കുന്നതിനും നിര്‍ദേശം നല്‍കി.
കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠന്‍, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, ഐടിഡിപി പ്രോജക്ട് ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍, ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ വി.ജി. പ്രദീപ് കുമാര്‍, സിഡിപിഒ എസ്. ലേഖ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എസ്. ഗിരിജകുമാരി, സീനിയര്‍ ക്ലാര്‍ക്ക് ബി. അജികുമാര്‍, കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഡി.ജെ. ഷിനി, കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ സാന്ദ്ര ജോര്‍ജ്, പട്ടികവര്‍ഗ പ്രൊമോട്ടര്‍മാരായ മഹേഷ്, മനോജ്, പ്രീത, വസന്ത, ദിവ്യ, പാര്‍വതി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.