നെയ്യാറ്റിൻകര : തമിഴ് നാട്ടിൽനിന്നു കാറിൽ കടത്തിക്കൊണ്ടുവന്ന 80 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടിയതുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിലായി.
മാറനല്ലൂർ കൂവളശ്ശേരി പാൽക്കുന്ന ക്രിസ്റ്റി ഭവനിൽ സി.കെ.സിബിൻ രാജ്(24), കൂവളശ്ശേരി മഠത്തുവിള ഗോകുലത്തിൽ അപ്പു എന്നു വിളിക്കുന്ന ഗോകുൽ കൃഷ്ണ(26), മണ്ണടിക്കോണം പാലത്തിന് സമീപം ബണ്ട് റോഡ് പുതുവൽ അനിഴം നിവാസിൽ കണ്ണൻ എന്നു വിളിക്കുന്ന അരുൺകുമാർ(26) എന്നിവരാണ് അറസ്റ്റിലായത്.
എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നെയ്യാറ്റിൻകര എക്‌സൈസ്, തിരുവനന്തപുരം എക്‌സൈസ് ഐ.ബി. യൂണിറ്റ് എന്നിവർ ചേർന്നാണ് ആനാവൂർ കുളക്കോട്ടുവച്ച് കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്.
അഞ്ചംഗസംഘം കാറിൽ ഉണ്ടായിരുന്നെങ്കിലും വെളിയംകോട് സ്വദേശി ലാൽ എന്ന അനീഷ്, ഊരൂട്ടമ്പലം വെള്ളൂർക്കോണം സ്വദേശി ബ്രഹ്മൻ എന്നിവർ ഓടി രക്ഷപ്പെട്ടിരുന്നു. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.