തിരുവനന്തപുരം: പീഡനമേറ്റ നാല് വയസ്സുകാരി പ്രതിക്ക് അനുകൂലമായി പറഞ്ഞ പോക്സോ കേസിൽ പ്രതിയെ ഏഴ് വർഷം കഠിന തടവിന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.രേഖ വിധിച്ചു.
കുട്ടിയുടെ അമ്മയും പ്രതിക്ക് അനുകൂലമായി കൂറുമാറി. പ്രതിയായ മുരളിധരന് (65) ഇരുപത്തി അയ്യായിരം രൂപ പിഴയും ചുമത്തി. പിഴ അടച്ചില്ലെങ്കിൽ നാല് മാസം കൂടുതൽ തടവ് അനുഭവിക്കണം.
2021 ജൂലൈ 21 രാത്രി 8.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അച്ചനെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
ഇത് അറിഞ്ഞ കുട്ടിയുടെ അമ്മ കുട്ടിയെ പ്രതിയുടെ വീട്ടിൽ ആക്കിയിട്ടാണ് സ്റ്റേഷനിലേക്ക് പോയത്. അവസരം കിട്ടിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
വീടിൻ്റെ കതക് തുറന്ന് കിടന്നതിനാൽ വീടിന് മുന്നിൽ നിന്ന കുടുംബശ്രീ സ്ത്രീകൾ ഇത് കണ്ടു. അവർ ബഹളം വെച്ച് കുട്ടിയെ പ്രതിയിൽ നിന്ന് രക്ഷിച്ചു. ഉടനെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
പീഡനത്തെ സംബന്ധിച്ച് കുട്ടിയും അമ്മയും മറ്റ് ദൃക്സാക്ഷികളും പൊലീസിന് കൃത്യമായി മൊഴി നൽകി. കോടതിയിൽ വിചാരണ സമയത്ത് അമ്മയുടെ നിർബന്ധത്തെ തുടർന്ന് കുട്ടി ആദ്യം പ്രതി തന്നെ ഒന്നും ചെയ്തില്ലെന്നാണ് മൊഴി നൽകിയത്.
എന്നാൽ പ്രോസിക്യൂഷൻ കോടതി അനുവാദത്തോടെ കുട്ടിയെ ക്രോസ് വിസ്താരം പോലെ ചോദ്യം ചോദിച്ചപ്പോൾ പ്രതി തന്നെ പീഡിപ്പിച്ച വിവരം കൃത്യമായി കോടതിയിൽ പറഞ്ഞു.
കുട്ടിയുടെ അമ്മ പ്രതിക്ക് അനുകൂലമായി കൂറു മാറുകയും പ്രതി അങ്ങനെ ചെയ്യുന്ന ആളല്ലെന്നായിരുന്നു അമ്മയുടെ മൊഴി. ദൃക്സാക്ഷികളായ കുടുംബശ്രീ പ്രവർത്തകർ പീഡനം കണ്ടതായി മൊഴി നൽകി. കുട്ടി പല തവണ മൊഴി മാറ്റിയതിനാൽ വിശ്വാസയോഗ്യമല്ലായെന്ന പ്രതിഭാഗം വാദം കോടതി പരിഗണിച്ചില്ല.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ മ്മാരായ ആർ.എസ്.വിജയ് മോഹൻ, ജെ.കെ.അജിത്ത് പ്രസാദ് ,അഡ്വ.ആർ.വൈ.അഖിലേഷ് എന്നിവർ ഹാജരായി. ഫോർട്ട് സി. ഐ ജെ.രാകേഷാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ പതിനാറ് സാക്ഷികളെ വിസ്തരിച്ചു.ഇരുപത്തി അഞ്ച് രേഖകളും രണ്ട് തൊണ്ടി മുതലുകളും ഹാജരാക്കി.