തിരുവനന്തപുരം : സ്മാർട്ട് സിറ്റി പദ്ധതിയിൽ നിർമാണം പുരോഗമിക്കുന്ന ജനറൽ ആശുപത്രി-വഞ്ചിയൂർ റോഡ് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു.
റോഡ് നിർമാണം ഏപ്രിൽ ആദ്യംതന്നെ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണെന്നും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളും ആശുപത്രികളും കോടതിയും മറ്റും പ്രവർത്തിക്കുന്നിടങ്ങളിലേക്കുള്ള റോഡായതിനാൽ ബുദ്ധിമുട്ട് ലഘൂകരിക്കാൻ കഴിയുന്നത്ര സമാന്തരമാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. 27 റോഡുകളുടെ പണി ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും 20നകംതന്നെ അവ പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്- മന്ത്രി പറഞ്ഞു.
ആന്റണി രാജു എം.എൽ.എ., മേയർ ആര്യാ രാജേന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഗായത്രി ബാബു, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ബിജു, ചീഫ് എൻജിനിയർ അശോക് കുമാർ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.