പാറശ്ശാല: ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ചു.
സ്‌കൂട്ടര്‍ യാത്രക്കാരി വശത്തേക്ക് തിരിയാനായി വാഹനം നിര്‍ത്തിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടു പേര്‍ ആറു പവന്റെ മാല പൊട്ടിച്ചെടുത്തത്.
ഡ്രൈവിങ് സ്‌കൂള്‍ അധ്യാപികയായ വിരാലി ചെറിയകണ്ണുകുഴി വീട്ടില്‍ ലിജിദാസി(31)ന്റെ മാലയാണ് നടുറോഡില്‍വെച്ച് മോഷ്ടാക്കള്‍ കവര്‍ന്നത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ നെയ്യാറ്റിന്‍കര പ്ലാമൂട്ടുകട പുഴുക്കുന്ന് റോഡിലാണ് സംഭവം.
ഉച്ചയ്ക്ക് പതിനൊന്നര മണിയോട് കൂടി ഡ്രൈവിങ് സ്‌കൂളില്‍നിന്ന് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു ലിജി. പ്ലാമൂട്ടുക്കടയില്‍ നിന്ന് പൂഴിക്കുന്നിലേക്ക് പോകുന്ന വഴിയില്‍ റോഡിന് എതിര്‍ വശത്തേക്ക് പോകുന്നതിനായി റോഡരുകില്‍ സ്‌കൂട്ടര്‍ ഒതുക്കി പിന്നാലെ വാഹനങ്ങള്‍ വരുന്നുണ്ടോയെന്ന് പരിശോധിക്കുന്ന സമയത്താണ് ആക്രമണമുണ്ടായത്.
ലിജിയുടെ പിന്തുടര്‍ന്നെത്തിയ മോഷണസംഘത്തിന്റെ ബൈക്കില്‍ പിന്നില്‍ ഇരിക്കുകയായിരുന്ന കറുത്ത ഷര്‍ട്ട് ധരിച്ച യുവാവ് വണ്ടിയില്‍നിന്ന് വേഗത്തില്‍ ചാടിയിറങ്ങി ലിജിയുടെ മാലയില്‍ കടന്ന് പിടിക്കുകയായിരുന്നു. അക്രമിയില്‍ നിന്ന് കുതറിമാറുവാന്‍ ശ്രമിച്ച ലിജിയെ ആക്രമിച്ച് തറയില്‍ തള്ളിയിട്ടശേഷം അക്രമികള്‍ മാലയുമായി കടന്ന് കളയുകയായിരുന്നു.