തിരുവനന്തപുരം: യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 27 വർഷത്തിനുശേഷം അഞ്ചൽ പോലീസ് പിടികൂടി. വർക്കല ശ്രീനിവാസപുരം ലക്ഷ്മി ഭവനിൽ സജീവാണ് പിടിയിലായത്.
1997 ജൂലായ് 16-നായിരുന്നു സംഭവം. അഞ്ചൽ സ്വദേശിയായ യുവതിയെ വർക്കല, പരവൂർ എന്നിവിടങ്ങളിൽ തടവിൽ പാർപ്പിച്ചു പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
സ്വകാര്യ ബസിൽ കുളത്തൂപ്പുഴ ക്ഷേത്രത്തിൽപോയി മടങ്ങിയ യുവതിയെ അഞ്ചലിൽ ഇറക്കാതെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയും അവിടെനിന്ന് കാറിൽ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് വർക്കല, പരവൂർ എന്നിവിടങ്ങളിൽവെച്ചു പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അന്നുതന്നെ പ്രതിയെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ പിന്നീട് കോടതിയിൽ ഹാജരായില്ല.
തുടർന്ന് സജീവ് ഗൾഫിലേക്ക് പോകുകയും തിരികെയെത്തി തിരുവനന്തപുരം ചെങ്കോട്ടുകോണം എന്ന സ്ഥലത്ത് താമസമാരംഭിക്കുകയും ചെയ്തു.
സംഭവത്തിൽ തുടരന്വേഷണം നടത്തിയ പോലീസ് സജീവിന്റെ സഹോദരിയെ ചോദ്യംചെയ്യുകയും പ്രതി തിരുവനന്തപുരത്ത് താമസിക്കുന്ന കാര്യം മനസ്സിലാക്കുകയും ചെയ്തു. ഇതേത്തുടർന്ന് കുറേനാളുകളായി പ്രതി പോലീസ് നിരീക്ഷണത്തിലായിരുന്നു.