തിരഞ്ഞെടുപ്പിന് സുസജ്ജമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം

IMG_20240328_225155_(1200_x_628_pixel)

തിരുവനന്തപുരം :ലോക്‌സഭാ പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ തിരുവനന്തപുരം ജില്ലാ ഭരണകൂടം സുസജ്ജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

ജില്ലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് പ്രക്രിയകളുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

തിരുവനന്തപുരം മണ്ഡലത്തിന്റെ വരണാധികാരി കൂടിയായ ജില്ലാ കളക്ടറുടെയും ആറ്റിങ്ങല്‍ മണ്ഡലം വരണാധികാരിയായ എ ഡി എം പ്രേംജിയുടെയും കീഴിലായി 14 നിയമ സഭാ മണ്ഡലങ്ങളിലായി 14 ഉപ വരണാധികാരികളും രണ്ട് നിയുക്ത ഉപവരണാധി കാരികളും ചുമതലയിലുണ്ട്.

കൂടാതെ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി മാന്‍ പവര്‍ മാനേജ്മെന്റ്, ഇ.വി.എം മാനേജ്മെന്റ്, പോസ്റ്റല്‍ ബാലറ്റ് തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ലാതലത്തില്‍ 28 നോഡല്‍ ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്.

ജില്ലയില്‍ ആകെ 2,730 ബൂത്തുകളാണ് ഉള്ളത്. അതില്‍ 1,307 ബൂത്തുകള്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലും 1,423 ബൂത്തുകള്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലുമാണ്. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഇലക്ടറല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ സജ്ജീകരണങ്ങൾ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ശൗചാലയങ്ങൾ ഇല്ലാത്ത ബൂത്തുകളില്‍ ബയോ ടോയ്‌ലറ്റും നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റി ഇല്ലാത്ത നാല് പോളിംഗ് ബൂത്തുകളില്‍ ഇന്റര്‍നെറ്റ് ലഭ്യതയും ഉറപ്പു വരുത്തി.

42 മോഡല്‍ പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയില്‍ സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ 14 വനിതാ പോളിംഗ് സ്റ്റേഷന്‍, 14 യൂത്ത് സ്റ്റേഷന്‍, 28 ഹരിത സ്റ്റേഷന്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നതിനായി റൂട്ട് മാപ്പുകളും ഈ റൂട്ടുകളില്‍ റൂട്ട് ഓഫീസര്‍മാരെയും സജ്ജമാക്കിയിട്ടുണ്ട്. ജില്ലയില്‍ ആകെ 134 പ്രശ്‌ന ബാധിത ബൂത്തുകളാണുള്ളത്. സെക്ടറല്‍ ഓഫീസര്‍മാരുടെ നിരീക്ഷണത്തിലുള്ള ഈ ബൂത്തുകളില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ വെബ്കാസ്റ്റിംഗ് സംവിധാനവും പ്രത്യേക പോലീസ് സംരക്ഷണവും ഒരുക്കിയിട്ടുണ്ട്.

 

ഇലക്ഷന്‍ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത ഉറപ്പുവരുത്താനായി കളക്ടറേറ്റിലെ ഹുസൂര്‍ ശിരസ്തദാറുടെ നേതൃത്വത്തില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇലക്ഷന്‍ ഡ്യൂട്ടികള്‍ക്കായി നിയോഗിച്ചിട്ടുള്ള പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ഇലക്ഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കും ആറ് സംസ്ഥാന തല മാസ്റ്റര്‍ ട്രെയിനര്‍മാരും 12 ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാരും 70 അസംബ്ലിതല ട്രെയിനര്‍മാരുമാണ് പരിശീലനം നല്‍കുന്നത്. പോളിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നതിനായി 3,831 പ്രിസൈഡിംഗ് ഓഫീസര്‍മാരെയും 3 ,831 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരെയും 7,662 പോളിംഗ് ഓഫീസര്‍മാരെയും ഓര്‍ഡര്‍ സോഫ്റ്റ് വെയര്‍ വഴി നിയമിച്ചിട്ടുണ്ട്. 2,730 ബൂത്തുകള്‍ ഉള്ള ജില്ലയില്‍ 20 ശതമാനം കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും 30 ശതമാനം വിവിപാറ്റ് മെഷീനുകളും റിസര്‍വ്വില്‍ സൂക്ഷിച്ചിട്ടുണ്ട്. മെഷീനുകള്‍ രണ്ട് ഘട്ട റാന്‍ഡമൈസേഷന്‍ വഴി എ ആര്‍ ഒ മാര്‍ക്ക് നല്‍കി. ഇ വി എം കമ്മീഷനിംഗ് പൂര്‍ത്തീകരിച്ച് മെഷീനുകള്‍ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

പോളിംഗ് ഓഫീസര്‍മാരെ ബൂത്തുകളില്‍ എത്തിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെ 695 വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ സഹകരണ സ്ഥാപനങ്ങളുടെ വാഹനങ്ങളും തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. ആബ്‌സെന്റി വോട്ടേഴ്‌സ് സ്‌ക്വാഡ്, സെക്ടറല്‍ ഓഫീസേഴ്‌സ് ഡ്യൂട്ടി എന്നിവയ്ക്കായി സ്വകാര്യ ടാക്‌സി വാഹനങ്ങളും ഏറ്റെടുത്തിട്ടുണ്ട്. ഇ.വി.എം മെഷീനുകള്‍ കൊണ്ടുപോകുന്നതിന് അടച്ചുറപ്പുള്ള വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഈ വാഹനങ്ങള്‍ പരമാവധി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും അധികമായി ആവശ്യമുള്ളവ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാക്കിയിട്ടുണ്ട്. ഈ വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

പോസ്റ്റല്‍ ബാലറ്റ്, ആബ്‌സെന്റ്‌റി വോട്ടേഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാതല നോഡല്‍ ഓഫീസര്‍മാരെയും ലോക്‌സഭാ മണ്ഡല അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്. 85 വയസിനു മുകളിലുള്ള സീനിയര്‍ വോട്ടര്‍മാരും ഭിന്നശേഷി വോട്ടര്‍മാരും ഇതിനോടകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. ബൂത്തില്‍ പോയി വോട്ട് രേഖപ്പെടുത്താന്‍ താല്‍പ്പര്യമുള്ള ഈ രണ്ടു വിഭാഗക്കാരെയും ബൂത്തുകളില്‍ എത്തിക്കുന്നതിനും തിരികെ വീട്ടില്‍ എത്തിക്കുന്നതിനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍ഗോഡ് വരെയുള്ള ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് എത്തിക്കുന്നതിനും വോട്ടു ചെയ്ത ബാലറ്റു പേപ്പറുകള്‍ മതിയായ പോലീസ് സുരക്ഷയോടെ തിരികെ എത്തിക്കുന്നതിനും ജില്ലാതല സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയകളിലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട നിരീക്ഷണത്തിനായി മിഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് ടീം കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെരുമാറ്റച്ചട്ട നിരീക്ഷണത്തിനായി ജില്ലയില്‍ 42 ഫ്‌ളൈയിംഗ് സ്‌ക്വാഡുകളും 15 ഡീഫേസ്‌മെന്റ് സ്‌ക്വാഡുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനുവേണ്ടി 112 സ്റ്റാറ്റിക് സര്‍വ്വെലന്‍സ് ടീമുകള്‍, 14 വീഡിയോ സര്‍വ്വെലന്‍സ് ടീമുകള്‍, 14 വീഡിയോ ടീമുകള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടാതെ 14 അസിസ്റ്റന്റ്‌റ് എക്‌സ്പെന്‍ഡിച്ചര്‍ ഒബ്‌സര്‍വ്വര്‍മാരെയും പ്രത്യേകമായി നിയമിച്ചിട്ടുണ്ട്. പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് എക്‌സ്പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് അസിസ്റ്റന്റ് എക്‌സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍, അക്കൗണ്ടിംഗ് ടീം എന്നിവരടങ്ങുന്ന ടീം പ്രവര്‍ത്തിക്കുന്നുമുണ്ട്.

പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന പെരുമാറ്റച്ചട്ട പരാതികള്‍ സമയ ബന്ധിതമായി തീര്‍പ്പാക്കുന്നതിന് സി-വിജില്‍ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഐ.റ്റി ആപ്ലിക്കേഷനുകളില്‍ പരിശീലനം നല്‍കുന്നതിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി നോഡല്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്.

 

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കുറവ് വന്നിട്ടുള്ള നഗരത്തിലെ മേഖലകളില്‍ സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേകം പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ഭിന്നശേഷി വോട്ടര്‍മാര്‍ തുടങ്ങിയ വിഭാഗങ്ങളെ തിരഞ്ഞെടുപ്പ് പ്രക്രിയകളുടെ ഭാഗമാക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി. എല്ലാ പോളിംഗ് ബൂത്തുകളിലും വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാതലത്തില്‍ ഇവ നിരീക്ഷിക്കുന്നതിന് കളക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. പരാതി പരിഹാരത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നാല് ഫോണ്‍ കണക്ഷന്‍ ഉള്‍പ്പെടുന്ന കോള്‍ സെന്റര്‍ റിട്ടേണിംഗ് ഓഫീസറുടെ കാര്യാലത്തില്‍ ക്രമീകരിച്ചിട്ടുണ്ടെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!