തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ബന്ധുക്കൾ ബലമായി മോചിപ്പിച്ചു.ഇന്നലെ രാത്രി 7ന് കഠിനംകുളത്തിന് സമീപം പുതുക്കുറുച്ചിയിലാണ് സംഭവം.
രണ്ടു സംഘങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം നടക്കുന്നുവെന്ന് അറിഞ്ഞെത്തിയ കഠിനംകുളം പൊലീസ് സ്ഥലത്തുണ്ടായിരുന്ന സഹോദരങ്ങളായ നബിൻ, കൈഫ് എന്നിവരെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ബന്ധുക്കളായ സ്ത്രീകളടങ്ങിയ സംഘം പൊലീസിനുനേരെ ആക്രോഷിക്കുകയും ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുകയും ചെയ്തു.
മൂന്ന് പൊലീസുകാരാണ് ആദ്യം സ്ഥലത്തെത്തിയത്. പ്രതിഷേധം ശക്തമായതോടെ കസ്റ്റഡിയിലെടുത്ത പ്രതികളെ വിലങ്ങഴിച്ച് വിട്ടുകൊടുത്തു. തുടർന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. സംഘർഷത്തിൽ പരിക്കേറ്റ പ്രതികളായ മൂന്നു പേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൽ നാലു പൊലീസുകാർക്കും പരിക്കേറ്റു.