തിരുവനന്തപുരം;ജില്ലയിൽ തെരുവുനായ്ക്കൾക്കിടയിൽ പേവിഷബാധ കൂടുന്നതായി കണ്ടെത്തൽ.
സംശയാസ്പദമായി ചത്ത 90 തെരുവുനായ്ക്കളെ പരിശോധിച്ചപ്പോൾ അതിൽ 24 എണ്ണത്തിനും പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തി.
ജില്ലയിലെങ്ങും തെരുവുനായ്ക്കളുടെ എണ്ണം പെരുകുമ്പോൾ ഈ കണക്ക് ആശങ്കപ്പെടുത്തുകയാണ്. ഏഴുമാസത്തിനിടെ ചത്ത നായ്ക്കളിൽ പാലോട് ആനിമൽ ഡിസീസസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
നഗരത്തിൽ രണ്ടു തെരുവുനായ്ക്കൾ നാല്പതിലേറെപ്പേരെ കടിച്ചത് ഈയിടെയാണ്. പിടികൂടിയ നായ പിന്നീട് ചാവുകയും അതിനു പേവിഷമുണ്ടായിരുന്നതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ആയുർവേദ കോളേജ് ജങ്ഷനിലും വിളപ്പിൽശാലയിലും ആളുകളെ ആക്രമിച്ച നായ്ക്കളിലാണ് ഏറ്റവും ഒടുവിൽ പേവിഷബാധ സ്ഥിരീകരിച്ചത്.