ചിറയിൻകീഴ് :ചിറയിൻകീഴിൽ പുലർച്ചെ വീടിനുനേരെ ബോംബേറ്. പുതുക്കരി വയലിൽ വീട് വിജയന്റെ ഉടമസ്ഥതയിലുള്ള വീടിനുനേരെയാണ് ബോംബേറ് നടന്നത്.
ഇന്നലെ പുലർച്ചെ 12.45-ഓടെയാണ് സംഭവം. ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയ രണ്ടുപേർ വീട് ലക്ഷ്യമാക്കി നാല് ബോംബുകൾ എറിയുകയായിരുന്നു. ഇതിൽ മൂന്നെണ്ണം വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഒരെണ്ണം പൊട്ടാത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
ഒമ്പത് മാസംമുമ്പ് ഇതേവീടിന് അക്രമികൾ തീയിട്ടിരുന്നതായും അന്ന് പ്രതികളെ പിടികൂടി റിമാൻഡ് ചെയ്തിരുന്നതായും പറയുന്നു.
സ്ഫോടന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ആക്രമണ വിവരമറിയുന്നത്. സംഭവസമയത്ത് ഗൃഹനാഥനായ വിജയൻ, ഭാര്യ ഗിരിജ, മക്കൾ, മരുമക്കൾ എന്നിവരടക്കം ഒൻപത് പേർ വീട്ടിനുള്ളിലുണ്ടായിരുന്നു. വീട്ടുകാർ അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഒരാഴ്ചമുമ്പും പ്രദേശത്ത് സമാന സംഭവമുണ്ടായി. സിപിഐ എം ശാർക്കര ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് അംഗവുമായിരുന്ന ബീജ സുരേഷിന്റെ വീടിനാണ് അജ്ഞാതസംഘം ബോംബെറിഞ്ഞത്.



