വാമനപുരം :കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ സമാനതകളില്ലാത്ത മുന്നേറ്റമാണ് ഉണ്ടായതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വാമനപുരം നിയോജക മണ്ഡലത്തിലെ മുതുവിള, പരപ്പിൽ, ചെല്ലഞ്ചി, പേരയം, ചോനൻവിള, നന്ദിയോട് റോഡ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ വലിയ കുതിച്ചുചാട്ടമാണ് ഈ സർക്കാരിന്റെ കാലത്തുണ്ടായത്. അഞ്ച് വർഷം കൊണ്ട് 100 പാലങ്ങൾ ലക്ഷ്യമിട്ട സ്ഥാനത്ത് 150 പാലങ്ങൾ ഇതിനകം പൂർത്തിയാക്കി. ഇതു സർക്കാരിന്റെ അഭിമാന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
വാമനപുരം നിയോജക മണ്ഡലത്തിലെ മുതുവിള, പരപ്പിൽ, ചെല്ലഞ്ചി, പേരയം, ചോനൻവിള, നന്ദിയോട് റോഡ് 13.5 കോടി രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിൽ നവീകരിച്ചത്.
ചെല്ലഞ്ചി പാലത്തിന് സമീപം നടന്ന ചടങ്ങിൽ ഡി കെ മുരളി എം.എൽ.എ അധ്യക്ഷത വഹിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി രഘുനാഥൻ നായർ, നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പേരയം ജയൻ, പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ബൈജു , കെആർഎഫ്ബി പ്രോജക്ട് ഡയറക്ടർ എം.അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
