ലൈറ്റ് മെട്രോയും രണ്ടാമത്തെ മെഡിക്കൽ കോളേജും; തലസ്ഥാന വികസനത്തിന് കരുത്തേകി ബജറ്റ്

IMG_20260619_105819_(1200_x_628_pixel)

തിരുവനന്തപുരം:തലസ്ഥാന ജില്ലയുടെ അതിവേഗ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികളാണ് ബജറ്റ് പ്രഖ്യാപനത്തിലുള്ളത്. അടിസ്ഥാന സൗകര്യവികസനം, ഗതാഗതം, സാങ്കേതികവിദ്യ, തീർത്ഥാടനം, തീരദേശ വികസനം തുടങ്ങി സമഗ്രമേഖലകളെയും ബജറ്റിൽ സ്പർശിക്കുന്നുണ്ട്.

തലസ്ഥാന നഗരിയുടെ മുഖച്ഛായ മാറ്റുന്നതോടൊപ്പം ജില്ലയുടെ സാമ്പത്തിക വളർച്ചക്ക് വലിയ ഊർജ്ജം പകരുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ.

നഗരത്തിലെ കടുത്ത യാത്രാക്ലേശത്തിന് പരിഹാരമായി തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കും. നിലവിൽ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിവരികയാണ്. ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമെ, നഗരത്തിലെ വിവിധ ഗതാഗത സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലയിൽ യൂണിഫൈഡ് മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയും സ്ഥാപിക്കും.

 

ജില്ലയിലെ പൊതുജനാരോഗ്യരംഗം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കും.

 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനവുമായി ഭൂഗർഭ റെയിൽവേ, വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിംഗ് റോഡ് എന്നിവയ്ക്കായുള്ള സ്ഥലമേറ്റെടുക്കലും നിർമ്മാണ പ്രവർത്തനങ്ങളും വേഗത്തിലാക്കും. ഗ്രീൻ ബങ്കറിംഗ് സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ മാറ്റുന്നതിനൊപ്പം, മദർ ഷിപ്പുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും ലക്ഷ്യമിട്ട് ഇവിടെ പുതിയൊരു കപ്പൽ നിർമ്മാണ കേന്ദ്രവും സ്ഥാപിക്കും. ബാലരാമപുരം – നാവായിക്കുളം റിംഗ് റോഡ് പദ്ധതിക്കായി 100 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.

 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് സതേൺ കേരള ഇക്കണോമിക് കോറിഡോർ രൂപീകരിക്കും.അതിന്റെ ഭാഗമായി തിരുവനന്തപുരത്തെ പ്രധാന ‘നോളജ് ആൻഡ് സ്‌പേസ് ടെക്‌നോളജി ഹബ്ബ്’ ആയി വികസിപ്പിക്കും. ഇതിനായി റയർ എർത്ത് കോറിഡോറിന് 100 കോടിയും സാമ്പത്തിക ഇടനാഴിക്ക് 50 കോടിയും അനുവദിച്ചു.

 

തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിന് കോൺസ്റ്റിറ്റിയൂവന്റ് കോളേജ് ഓഫ് ദി യൂണിവേഴ്‌സിറ്റി പദവി നൽകും. അതിലൂടെ സാങ്കേതിക പരിജ്ഞാനമുള്ള യുവജനങ്ങളുടെ സേവനം സംസ്ഥാനത്തിന് പ്രയോജനപ്പെടുത്തുവാനും തൊഴിൽ തേടിയുള്ള കുടിയേറ്റം തടയുവാനും സാധിക്കും.

 

സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെ രാജ്യത്തെ ഏറ്റവും മികച്ചതാക്കി മാറ്റുന്നതിനുള്ള പ്രത്യേക നടപടികളും സ്വീകരിക്കും.

 

മത്സ്യത്തൊഴിലാളികളുടെ വലിയ ആവശ്യമായിരുന്ന മുതലപ്പൊഴി ഹാർബറിന്റെ അശാസ്ത്രീയ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കും. പൂന്തുറയിൽ പുതിയ ഫിഷിങ് ഹാർബറും പൂന്തുറ-ഇടയാർ പാലവും നിർമ്മിക്കും. ടൂറിസ്റ്റ് കേന്ദ്രമായ കോവളത്ത് പരീക്ഷണാടിസ്ഥാനത്തിൽ ‘ഗ്രീൻ മാർഷൽ’ പദ്ധതി ആരംഭിക്കും. ഇതിലൂടെ സ്ത്രീകളെ ഗ്രീൻ മാർഷൽമാരായി പരിശീലിപ്പിച്ച് ശുചിത്വവും പരിസ്ഥിതി അവബോധവും ഉറപ്പാക്കും.

 

ജലവിതരണ കാര്യക്ഷമത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നെയ്യാർ ജലസേചന പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങളും കനാൽ സംവിധാനങ്ങളും നവീകരിക്കും. നെട്ടുകാൽത്തേരിയിൽ പുതിയ സംസ്ഥാന തീറ്റപ്പുൽ ഫാമും മാതൃകാ ക്ഷീര യൂണിറ്റും സ്ഥാപിക്കും.

 

ശിവഗിരി തീർത്ഥാടന പ്ലാറ്റിനം ജൂബിലി സ്മാരക കൺവെൻഷൻ സെന്ററിനായി 5 കോടി രൂപ വകയിരുത്തി. ചരിത്രപ്രസിദ്ധമായ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം തിരുപ്പതി മോഡലിൽ വികസിപ്പിച്ച് ദേശീയ തീർത്ഥാടന കേന്ദ്രമാക്കും. മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന് പട്ടത്ത് സ്മാരക മന്ദിരം നിർമ്മിക്കുന്നതിനായി ഒരു കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!