തിരുവനന്തപുരം:നവോത്ഥാന നായകനായ മഹാത്മാ അയ്യങ്കാളിയുടെ സ്മരണയ്ക്കായി വെള്ളായണി കായലിൽ സംഘടിപ്പിച്ച 49ാം ജലോത്സവം ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്തു.
കായലോരത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് വള്ളംകളി പ്രേമികളെ ആവേശത്തിലാഴ്ത്തിയാണ് വിവിധ വിഭാഗങ്ങളിലായി വള്ളങ്ങൾ മാറ്റുരച്ചത്.
ഒന്നാം തരം വള്ളം മത്സരത്തിൽ കാക്കാമൂലയുടെ ബ്രദേഴ്‌സ് ചുണ്ടൻ ഒന്നാം സ്ഥാനം നേടി ട്രോഫി സ്വന്തമാക്കി. വിളങ്കോട് കിഴക്കേക്കര ചുണ്ടൻ രണ്ടാം സ്ഥാനവും കാക്കാമൂല ബ്രദേഴ്‌സ് ചുണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
രണ്ടാം തരം വള്ളം വിഭാഗത്തിൽ ബിബിസി കാക്കമൂലയുടെ ബ്രദേഴ്‌സ് ചുണ്ടൻ ഒന്നാമതെത്തി. കാക്കാമൂലയുടെ ബ്ലൂ ബേർഡ്സ് രണ്ടാം സ്ഥാനവും, ഊക്കോട് വടക്കേക്കര ചുണ്ടൻ മൂന്നാം സ്ഥാനവും നേടി.
മൂന്നാം തരം വള്ളം വിഭാഗത്തിൽ കാക്കാമൂലയുടെ പടക്കുതിരയ്ക്കാണ് ഒന്നാം സ്ഥാനം. ബിബിസി കാക്കമൂലയുടെ ബ്രദേഴ്‌സ് ചുണ്ടൻ രണ്ടാം സ്ഥാനവും, കാക്കാമൂല ചുണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രിയദർശിനി, ഊക്കോട് വടക്കേക്കര ചുണ്ടൻ എന്നിവർ യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങൾ നേടി.
വനിതകളുടെ ആവേശകരമായ പോരാട്ടത്തിൽ കാക്കാമൂല ചുണ്ടൻ ഒന്നാം സ്ഥാനം നേടി വിജയികളായി. ഊക്കോട് റെഡ് ചില്ലീസ് രണ്ടാം സ്ഥാനവും, ഊക്കോട് വിന്നേഴ്സ് ചുണ്ടൻ മൂന്നാം സ്ഥാനവും, ഊക്കോട് ചുണ്ടൻ നാലാം സ്ഥാനവും സ്വന്തമാക്കി.
എം വിൻസന്റ് എംഎൽഎ, ഡെപ്യൂട്ടി മേയർ ആശാനാഥ്, വിവിധ ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.

