തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പൂഴിക്കുന്ന് സ്വദേശി രാജനാണ് ( 41) മരിച്ചത്. സംഭവത്തില്‍ സുഹൃത്ത് അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കൊല്ലപ്പെട്ട രാജന്റെ ശരീരത്തില്‍ 35 ഓളം വെട്ടുകളേറ്റിട്ടുണ്ട്. മൃതദേഹം തലയറുത്ത നിലയിലാണ്. കൃത്യത്തിന് ശേഷം അനൂപ് വിഴിഞ്ഞം ഭാഗത്തേക്ക് വാഹനത്തില്‍ പോയി. വാഹനപരിശോധന നടത്തുന്നതിനിടെ, അനൂപിന്റെ ശരീരത്തില്‍ രക്തക്കറ കണ്ട് പൊലീസ് വാഹനം തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം മനസ്സിലാകുന്നത്. എന്നാല്‍ കൊലപാതകത്തിനുള്ള പ്രകോപനം എന്താണെന്ന് വ്യക്തമല്ല. പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. ഇരുവരും പുലര്‍ച്ചെ വരെ ഇരുന്ന് മദ്യപിക്കുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു

