വെള്ളായണി: വെള്ളായണി കായലിനുകുറുകേ ബണ്ട് റോഡ് മാറ്റിനിർമിക്കാൻ പോകുന്ന പാലത്തിനു സാങ്കേതികാനുമതി ലഭിച്ചു. നേരത്തെ പാലത്തിന് 24.33 കോടിയുടെ ഭരണാനുമതി ലഭിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ സാങ്കേതികാനുമതി വൈകിയിരുന്നു.28 കോടി രൂപയുടെ സാങ്കേതികാനുമതിയാണ് ലഭിച്ചതെന്ന് എം.വിൻസെന്റ് എം.എൽ.എ. പറഞ്ഞു. ഉടനെ ടെൻഡർ നടപടികൾ തുടങ്ങി നിർമാണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.പൂങ്കുളത്തെയും കാക്കമൂലയെയും ബന്ധിപ്പിക്കുന്നതാണ് പാലം. പൊതുമരാമത്ത് വകുപ്പിന്റെ ബ്രിഡ്ജസ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. 249.40 മീറ്റർ നീളത്തിലാണ് നിർമാണം.