തിരുവനന്തപുരം :പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ ആരോഗ്യ വകുപ്പ് ഡയക്ടറും മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടും മൂന്നാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം.
അടിസ്ഥാന സuകര്യങ്ങളുടെ അഭാവം കാരണം രോഗികൾ അനുഭവിക്കുന്നത് വിവരണാതീതമായ ബുദ്ധിമുട്ടുകളാണ്. 530 കിടക്കകൾ മാത്രമുള്ള ആശുപത്രിയിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായിരുന്നത് 702 രോഗികളാണ്. 200 ലധികം രോഗികൾ വെറും നിലത്ത് കിടക്കുന്നു. സെല്ലുകളിൽ ജനാലകളുണ്ടെങ്കിലും ഇരുമ്പുമറ ഉപയോഗിച്ച് അടച്ചുപൂട്ടിയ അവസ്ഥയിലാണ്. വെളിച്ചം പോലും കയറാത്ത സെല്ലുകളാണ് ആശുപത്രിയിലുള്ളത്. ദേശീയ മാനസികാരോഗ്യ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ആശുപത്രിയിൽ നടക്കുന്നത്. ജയിലുകളിലെ തടവുകാരെക്കാൾ ദൈന്യതയിലാണ് അന്തേവാസികൾ.

