വിഴിഞ്ഞം: കോസ്റ്റൽ പൊലീസ് സ്റ്റേഷനോടനുബന്ധിച്ച് ബെർത്ത് വരുന്നു. ടെൻഡർ നടപടികൾ ഉടനെന്നു നിർമാണ ചുമതലയുള്ള ഹാർബർ എൻജിനീയറിങ് അധികൃതർ അറിയിച്ചു. കോസ്റ്റൽ പൊലീസ് പട്രോൾ ബോട്ടു ബന്ധിച്ചു നിർത്താനാണ് ബെർത്ത് സംവിധാനം. സ്റ്റേഷൻ മന്ദിരത്തിനു മുന്നിലെ തീര ഭാഗത്താണ് 25 മീറ്റർ നീളത്തിലും രണ്ടു മീറ്റർ വീതിയിലുമുള്ള ബെർത്ത് നിർമിക്കുന്നത്. അപ്രോച്ച് സ്ലാബും പണിയും. ഇതിനായി 60 ലക്ഷം രൂപയുടെ പദ്ധതിയാണ് തയാറായിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. സാങ്കേതിക അനുമതി ലഭ്യതാ നടപടികൾ പുരോഗമിക്കുകയാണ്. ഇതു ലഭിക്കുന്ന മുറയ്ക്ക് ഈ മാസം തന്നെ ടെൻഡർ ക്ഷണിക്കുമെന്ന് ഹാർബർ എൻജിനീയറിങ് വകുപ്പ് എക്സി. എൻജിനീയർ അനിൽകുമാർ അറിയിച്ചു.


