തിരുവനന്തപുരം: തമിഴ്നാട്ടിലെ കോടതിമുറിയിൽ നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. പാറശാല നെടുവിള സ്വദേശി ബാബുവിനെയാണ് (48) നാഗർകോവിലിലെ ബന്ധുവീട്ടിൽ നിന്ന് പൊലീസ് പിടികൂടിയത്. കളിയിക്കാവിള പൊലീസിന് കൈമാറിയ ബാബുവിനെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിന് രജിസ്റ്റർ ചെയ്ത കേസിൽ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്തു.ജയിലിൽ സുഭിക്ഷമായ ഭക്ഷണമാണെങ്കിലും മദ്യപിക്കാനുള്ള ആഗ്രഹത്താലാണ് കോടതിയിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് കുഴിത്തുറ കോടതിയിൽ നിന്ന് ബാബു പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. ബാബുവിനെ കോടതിയിൽ ഹാജരാക്കിയ പൊലീസുകാരുടെ മൊഴി അനുസരിച്ച് കേസെടുത്ത കളിയിക്കാവിള പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാഗർകോവിലിലെ ബന്ധുവീട്ടിൽ നിന്ന് ഇന്നലെ രാവിലെ ഇയാളെ കസ്റ്റഡിയിലെടുത്തത്.2013ൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പാറശാല പൊലീസ് അറസ്റ്റുചെയ്ത ബാബുവിന് കോടതി ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷിച്ചിരുന്നു. 2018 മുതൽ പൂജപ്പുര ജയിലിലായിരുന്നു. 2007ൽ മാർത്താണ്ഡം പൊലീസ് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസിന്റെ വിചാരണയ്ക്കായാണ് ഇയാളെ പൂജപ്പുരയിൽ നിന്ന് കുഴിത്തുറയിലെത്തിച്ചത്.


