പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ഫൈനലിൽ ബംഗാളിനെ തകർത്ത് (5–4) കേരളം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി. നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം എക്സ്ട്രാ ടൈം പൂർത്തിയായപ്പോൾ 1–1 സമനിലയിലായിരുന്നു. മത്സരത്തില്‍ എക്സ്ട്രാ ടൈമിന്‍റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ വലതു വിങ്ങില്‍ നിന്ന് നൗഫല്‍ നല്‍കിയ ക്രോസില്‍ പകരക്കാരനായി എത്തിയ സഫ്‌നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളത്തെ ഒപ്പമെത്തിച്ചു.
തുടര്‍ന്ന് നടന്ന പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടാം കിക്കെടുത്ത ബംഗാളിന്‍റെ സജലിന് പിഴച്ചു. സജലിന്‍റെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ കേരളത്തിന്‍റെ കിക്കുകള്‍ എല്ലാം ഗോളായി. സഞ്ജു, ബിബിന്‍, ക്യാപ്റ്റന്‍ ജിജോ ജോസഫ്, ജേസണ്‍, ജെസിന്‍ എന്നിവരാണ് ഷൂട്ടൗട്ടില്‍ കേരളത്തിനായി സ്കോര്‍ ചെയ്തത്. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്‍റെ മൂന്നാം കിരീടവും 2018നുശേഷം ആദ്യ കിരീടനേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്‍റെ കിരീടനേട്ടം.


