തിരുവനന്തപുരം: കാരയ്ക്കാമണ്ഡപം റഫീഖ് വധക്കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീന് വധഭീഷണി. റഫീഖ് വധക്കേസിലെ 7 പ്രതികളെ കഴിഞ്ഞ ദിവസം മുൻപ് ജീവപര്യന്തം തടവിനു കോടതി ശിക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നാലാം പ്രതി മാലിക്കിന്റെ ഭാര്യയുടെ പിതാവ് മെഹമൂദാണ് ഭീഷണിപ്പെടുത്തിയത്. ഇയാൾക്കെതിരെ ഫോർട്ട് പോലീസ് കേസെടുത്തു.രാവിലെ ഏഴു മണിയോടെ സലാഹുദ്ദീൻ നടക്കാനായി ഗേറ്റ് തുറന്നു പുറത്തേക്കിറങ്ങിയപ്പോഴാണ് K -01-BV-7131 എന്ന നമ്പറുള്ള സ്കൂട്ടറിലെത്തിയ ഒരാൾ ഭീഷണിപ്പെടുത്തിയത്.
മരുമകനെ ജയിലിലാക്കിയ താൻ ഇവിടെ ജീവിക്കില്ല എന്നായിരുന്നു ഭീഷണി. സ്കൂട്ടറുമായി പോയ ആൾ വീണ്ടും തിരികെവന്നു ഭീഷണി തുടർന്നു. അന്വേഷണത്തിലാണ് മാലിക്കിന്റെ ഭാര്യയുടെ പിതാവാണെന്നു മനസിലായത്. തുടർന്ന്, സലാഹുദ്ദീൻ ഫോർട്ട് പൊലീസിൽ പരാതി നൽകി. മരണഭീതിയുണ്ടാക്കുന്ന തരത്തിൽ ഭീഷണിപ്പെടുത്തൽ, അന്യായമായി തടസ്സപ്പെടുത്തൽ, അസഭ്യം പറയൽ തുടങ്ങിയവയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


