വക്കം: തെരുവ് നായ്ക്കൾ ബൈക്കിന് മുന്നിൽ ചാടി ബൈക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. വക്കം തേജസിൽ ബോബി (38), ഭാര്യ, മകൾ എന്നിവർക്കാണ് ബൈക്ക് മറിഞ്ഞ് പരിക്കേറ്റത്. വീതി കുറഞ്ഞ ഇട റോഡുകളിൽ ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ ശേഖരിച്ച നിരവധി ചാക്കുകളിൽ നിറച്ച അജൈവ മാലിന്യം ഭക്ഷിക്കാനെത്തിയ തെരുവ് നായ്ക്കളാണ് ബൈക്കിന് മുന്നിൽ ചാടിയത്. പരിക്കേറ്റ മൂവരേയും ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ ബോബി, റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും, തെരുവ് നായ്ക്കളെ തുരത്തണമെന്നും ആവശ്യപ്പെട്ട് വക്കം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
