Search
Close this search box.

കാട്ടാക്കട ഇനി സമ്പൂർണ മാലിന്യ മുക്ത മണ്ഡലം

IMG-20221102-WA0102

കാട്ടാക്കട:കാട്ടാക്കടയെ സമ്പൂർണ മാലിന്യ മുക്ത നിയോജക മണ്ഡലമായി ജോൺ ബ്രിട്ടാസ് എം. പി. പ്രഖ്യാപിച്ചു. മണ്ഡലത്തിൽ കഴിഞ്ഞ ഒരു മാസം നടപ്പിലാക്കിയ ‘മാലിന്യമുക്തം എന്റെ കാട്ടാക്കട’ ക്യാപെയിന്റെ ഭാഗമായാണ് പ്രഖ്യാപനം നടത്തിയത്. മാലിന്യമുക്ത ക്യാപെയിനിൽ മികച്ച പ്രവർത്തനം നടത്തി ഒന്നാം സ്ഥാനം നേടിയ വിളവൂർക്കൽ ഗ്രാമപഞ്ചായത്തിന് എം.പി പുരസ്കാരം നൽകി. ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായ മുഴുവൻ ഹരിത കർമ്മസേന അംഗങ്ങളേയും ചടങ്ങിൽ ആദരിച്ചു. ശേഖരിച്ച മാലിന്യങ്ങൾക്കുള്ള പ്രതിഫലമായി ക്ലീൻ കേരള കമ്പനിയുടെ ക്യാഷ് ചെക്ക് ഐ ബി സതീഷ് എം.എൽ.എ ഏറ്റുവാങ്ങി. മാലിന്യ ശേഖരണത്തിനായി ആറ് ഗ്രാമപഞ്ചായത്തുകളിലെയും ഹരിതകർമ്മസേനകൾക്ക് ഇലക്ട്രിക് വാഹനങ്ങളും കൈമാറി.

 

ക്യാപെയിനിലൂടെ മണ്ഡലത്തിൽ 72 ടൺ മാലിന്യം നീക്കം ചെയ്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ഹരിത കേരള മിഷൻ, ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, ഹരിത കർമ്മ സേന എന്നിവരുടെ സഹകരണത്തോടെ ബഹുജന പങ്കാളിത്തം ഉറപ്പാക്കിയാണ് ശുചീകരണ യജ്ഞം നടത്തിയത്. റെസിഡന്റ്സ് അസോസിയേഷൻ തലത്തിലും വാർഡ് തലത്തിലും ശേഖരിച്ച വസ്തുക്കൾ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ കളക്ഷൻ കേന്ദ്രത്തിൽ എത്തിച്ചു. ഉപയോഗ ശൂന്യമായ ചെരിപ്പ്, ബാഗ്, തുണി, ഗ്ലാസ്, ഇ-വേസ്റ്റ്, ബൾബ്, ട്യൂബ് ലൈറ്റ് എന്നിവ സ്പെഷ്യൽ ഡ്രൈവിലൂടെ ശേഖരിച്ച് നിശ്ചിത കേന്ദ്രത്തിലെത്തിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയിരുന്നു. ഇനിമുതൽ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനും നീക്കം ചെയ്യുന്നതിനും കൃത്യമായ കലണ്ടർ തയ്യാറാക്കി പ്രവർത്തനങ്ങൾ നടത്തും. ചടങ്ങിൽ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, മണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!