ശാസ്ത്രീയ ദ്രവമാലിന്യ പരിപാലന ക്യാമ്പയിൻ: സംസ്ഥാനതല പ്രഖ്യാപനം നടത്തി എം.ബി. രാജേഷ്

IMG-20221102-WA0083

തിരുവനന്തപുരം :ശാസ്ത്രീയ ദ്രവമാലിന്യ പരിപാലനത്തിന്റേയും, ജലസ്രോതസുകൾ മാലിന്യമുക്തമാക്കി സംരക്ഷിക്കേണ്ടതിന്റേയും പ്രാധാന്യത്തെകുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ ‘മലംഭൂതം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന വിവര-വിജ്ഞാന വ്യാപന ക്യാമ്പയിന്റെ ഔദ്യോഗിക പ്രഖ്യാപനം കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ഹാളിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവ്വഹിച്ചു. കേരളത്തിലെ മുഴുവൻ ജലസ്രോതസുകളും മലിനമായികൊണ്ടിരിക്കുന്ന അപകടകരമായ സ്ഥിതിയാണ് നിലവിലുള്ളതെന്നും ഇത് മറികടക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തരമായി ഇടപെടണമെന്നും മന്ത്രി പറഞ്ഞു. ഇതിനു വേണ്ടിയുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് സ്ഥലം കണ്ടെത്തുന്ന മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ ഫണ്ട് സർക്കാർ ലഭ്യമാക്കുമെന്നും പറഞ്ഞു. ‘മലംഭൂതം’ ക്യാമ്പയിൻ ലോഗോ പ്രകാശനവും ബോധവൽക്കരണ വീഡിയോ റിലീസും മന്ത്രി നിർവ്വഹിച്ചു

വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷനായിരുന്നു. ഈ വിഷയത്തിൽ ബോധവത്കരണം ലക്ഷ്യമാക്കി ‘അദൃശ്യം’ എന്ന പേരിൽ ശുചിത്വ മിഷൻ സംഘടിപ്പിച്ച പോസ്റ്റർ മത്സരത്തിൽ വിജയികളായവർക്കുള്ള ക്യാഷ് പ്രൈസ് എം. എൽ. എ കൈമാറി. ക്യാമ്പയിന് സാമ്പത്തിക സാങ്കേതിക പിന്തുണ ലഭ്യമാക്കുന്ന യൂണിസെഫ്, വാഷ് ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധികൾ ക്യാമ്പയിൻ ബോധവൽക്കരണ ടൂളുകളുടെ പ്രകാശനം നിർവ്വഹിച്ചു. ക്യാമ്പയിൻ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ വാഷ് ഇൻസ്റ്റിറ്റ്യൂട്ട് പിന്തുണയോടെ ശുചിത്വ മിഷൻ തയ്യാറാക്കിയ മാസ്കോട്ട്, ആനിമേഷൻ വീഡിയോ എന്നിവയുടെ പ്രകാശനവും നടത്തി.

2016 ൽ വെളിയിട വിസർജ്ജന മുക്ത പ്രദേശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളമെങ്കിലും കക്കൂസ് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കുവാനാവശ്യമായ സംവിധാനങ്ങളുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രണ്ടാം നിര പ്രശ്നങ്ങൾ ഏറ്റവുമധികം നേരിടുന്ന പ്രദേശമാണ് നമ്മുടെ സംസ്ഥാനം. കക്കൂസിനോട് അനുബന്ധമായി നിർമ്മിക്കുന്ന സെപ്റ്റിക് ടാങ്കുകളിൽ അതിന്റെ നിർമ്മാണത്തിലെ അശാസ്ത്രീയതമൂലം പലപ്പോഴും മനുഷ്യ വിസർജ്ജ്യത്തിന്റെ ശാസ്ത്രീയ സംസ്കരണം നടക്കുന്നില്ല. അതിനാൽ ഇത്തരം സെപ്റ്റിക് ടാങ്കുകളിൽ നിന്നും ചുരുങ്ങിയത് മൂന്നു വർഷത്തിൽ ഒരിക്കലെങ്കിലും വിസർജ്യാവശിഷ്ടം ശേഖരിച്ച് ശാസ്ത്രീയ രീതിയിൽ സംസ്ക്കരിക്കേണ്ടതുണ്ട്. ഇത്തരത്തിൽ സംസ്ക്കരിക്കാതിരുന്നാൽ സെപ്റ്റിക് ടാങ്കുകളിൽ നിന്നും പുറന്തളപ്പെടുന്ന ജലത്തിനോടൊപ്പം മനുഷ്യവിസർജ്യം കൂടികലർന്ന് ഗുരുതര ജലമലിനീകരണത്തിന് കാരണമാകുകയും ചെയ്യുന്നു. സംസ്ഥാനം ഇന്ന് നേരിടുന്ന അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണിത്.

സംസ്ഥാനത്ത് കക്കൂസ് മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്കരണം ഉറപ്പാക്കുകയെന്ന ലക്ഷ്യം നേടുന്നതിന്റെ ആദ്യഘട്ട പ്രവർത്തനമായി ഓരോ ജില്ലയിലും രണ്ടുവീതം ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കും. നഗരപ്രദേശങ്ങളിൽ
ആശുപത്രികൾ, മാർക്കറ്റുകൾ, ഹോസ്റ്റലുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ സ്ഥാപനതല സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളും അനുബന്ധ സൗകര്യങ്ങളും പ്രോത്സാഹിപ്പിക്കും. 2026 ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സമ്പൂർണ്ണ ശുചിത്വ പദവി ലഭ്യമാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular