തിരുവനന്തപുരം: കത്ത് വിവാദത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റേയും മേയർ ആര്യ രാജേന്ദ്രന്റേയും മൊഴി രേഖപ്പെടുത്തി വിജിലൻസ്. ആനാവൂർ നാഗപ്പൻ വിജിലൻസ് ഓഫീസിൽ എത്തിയാണ് മൊഴി കൊടുത്തത്. വീട്ടിലെത്തിയാണ് മേയറുടെ മൊഴി രേഖപ്പെടുത്തിയത്. കത്ത് വിവാദത്തിൽ അന്വേഷണത്തിന് കഴിഞ്ഞ ദിവസമാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നിർദേശം നൽകിയത്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല. കെ.ഇ ബൈജുവാണ് അന്വേഷണത്തിന് മേൽനോട്ടം നൽകുന്ന എസ്.പി.പ്രാഥമിക അന്വേഷണമാണ് വിജിലൻസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി പരാതിക്കാരെ വിളിച്ചുവരുത്തി മൊഴിയെടുത്തു. കത്തുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും അറിയില്ലെന്നാണ് ആനാവൂർ നൽകിയിരിക്കുന്ന മൊഴി. കത്ത് താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. താൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയെന്ന് ആനാവൂർ പറയുന്നുണ്ട്. എന്നാൽ മോഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.