തിരുവനന്തപുരം : വിഴിഞ്ഞത്ത് പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. പൊലീസ് സ്റ്റേഷൻ ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്നും അക്രമികളോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ വിശദീകരിച്ചു. വിഴിഞ്ഞത്ത് സമരം നടക്കുന്ന പ്രദേശങ്ങളിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് പൊലീസ് പ്രതീക്ഷിച്ചിരുന്നില്ല. സ്റ്റേഷൻ ആക്രമിച്ചതിനെ ഒരു രീതിയിലും ന്യായീകരിക്കാനാകില്ല. വിഷയത്തിൽ നിയമപരമായി മുന്നോട്ട് പോകും. 35 ലേറെ പൊലീസുകാർക്കാണ് സ്റ്റേഷനാക്രമണത്തിൽ പരിക്കേറ്റത്. ക്രമസമാധാനം പുലർത്താനാണ് പൊലീസ് ശ്രമിക്കുന്നത്. നിലവിൽ അഞ്ഞൂറിലേറെ പൊലീസുകാരെ വിഴിഞ്ഞം തുറമുഖ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും നിരോധനാജ്ഞ അടക്കമുള്ള വിഷയങ്ങളിൽ ചർച്ചക്ക് ശേഷം തീരുമാനമുണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
