തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്ത് നേമം മണ്ഡലത്തില്‍ ഇതുവരെ നടപ്പാക്കിയത് സമഗ്രമായ വികസനമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി. നേമത്തെ വികസന പദ്ധതികളുടെ പട്ടികയെടുത്താല്‍ അത് വളരെ വലുതാണെന്ന് മന്ത്രി പറഞ്ഞു.
നേമം മണ്ഡലത്തിലെ തൃക്കണ്ണാപുരം വാര്‍ഡിലെ അണ്ണൂര്‍ ക്ഷേത്രത്തിന് മുന്‍വശം നിര്‍മ്മിച്ച കല്‍പ്പടവോട് കൂടിയ ബലിക്കടവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയില്‍ നേമം താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക്, ആറ്റുകാലില്‍ അര്‍ബണ്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പൂജപ്പുരയില്‍ ആയുര്‍വ്വേദ റിസര്‍ച്ച് സെന്റര്‍, പൂജപ്പുരയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആയുവര്‍വേദ ആശുപത്രിയില്‍ പുതിയ ബ്ലോക്ക്, ആയുര്‍വേദ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്കായി ഹോസ്റ്റല്‍, ഹോമിയോ കോളേജില്‍ പേഷ്യന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവ വൈകാതെ നടപ്പിലാകും. പൊതുമരാമത്ത് മേഖലയില്‍, മധുപാലത്ത് പുതിയ പാലം, കാലടി സൗത്തിലെ കല്ലടി മുഖം പാലം, മുടവന്‍മുകള്‍ പാലം, പള്ളത്ത് കടവ് പാലം, തിരുവല്ലം ബൈപ്പാസില്‍ അപകടം ഒഴിവാക്കാന്‍ പുതിയ പാലം എന്നിവ യാഥാര്‍ഥ്യമാകാന്‍ പോവുകയാണ്.
വീടുകള്‍ നഷ്ടമാകാതിരിക്കാന്‍ എടയാര്‍ പാലത്തിനായി പുതിയ അലൈന്‍മെന്റ് തയ്യാറാക്കുകയാണ്. വിദ്യാഭ്യാസ മേഖലയില്‍ വാഴമുട്ടം ഗവ. ഹൈസ്‌കൂള്‍, കരമന ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പാപ്പനംകോട് ഗവ. ഹൈസ്‌കൂള്‍, കരമന എസ്എസ്എല്‍പിഎസ്, ആറാമട ഗവ. എല്‍പിഎസ്, പാപ്പനംകോട് എച്ച് എസ് എല്‍പിഎസ്, കരമന വനിതാ പോൡടക്‌നിക്, പൂങ്കുളം ഗവ. എല്‍പിഎസ്, മുടവന്‍മുകള്‍ ഗവ. എല്‍പിഎസ്, കൊഞ്ചിറവിള ഗവ. എല്‍പിഎസ്, കുന്നപ്പുഴ എല്‍പിഎസ് എന്നിവയ്ക്ക് അടിസ്ഥാന സൗകര്യവികസനത്തിനായി പണം അനുവദിച്ചിട്ടുണ്ട്.
തൊഴില്‍ മേഖലയില്‍ കരയമനയില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ നടപ്പിലാക്കാനുള്ള നടപിടികള്‍ തുടങ്ങി. ശ്രീചിത്തിരതിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിന് ആധുനിക ലാബ്, പൂങ്കുളം ചാമുണ്ഡേശ്വരി ക്ഷേത്ര റോഡ്, തിരുമല അണ്ണൂര്‍ ക്ഷേത്രകുളിക്കടവിന്റെ പാര്‍ശ്വഭിത്തി നിര്‍മാണം എന്നിവയ്ക്കും പണം നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 27 ലക്ഷം രൂപ ചെലവഴിച്ച് ജലസേചന വകുപ്പ് മുഖേനയാണ് ബലിക്കടവിന്റെ പണി പൂര്‍ത്തീകരിച്ചത്. മരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മേടയില്‍ വിക്രമന്‍ അധ്യക്ഷനായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ജയലക്ഷ്മി, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു..