സൂര്യഗായത്രി കൊലക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി,ശിക്ഷാവിധി നാളെ

IMG_20230330_122145_(1200_x_628_pixel)

തിരുവനന്തപുരം:നെടുമങ്ങാട്,കരിപ്പൂര് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്ക് താമസിച്ചിരുന്ന ശിവദാസ് – വത്സല ദമ്പതികളുടെ ഏകമകളായ സൂര്യഗായത്രി (20) യെ കുത്തി കൊലപ്പെടുത്തുകയും അമ്മ വത്സലയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി
പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടിൽ അശോകൻ മകൻ അരുൺ (29) കുറ്റക്കാരനെന്ന് കോടതി.

കൊലപാതകം, കൊലപാതകശ്രമം, ഭവന കയ്യേറ്റം, കുറ്റകരമായ ഭയപ്പെടുത്തൽ, എന്നീ കുറ്റങ്ങൾക്കാണ്
തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണു പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.ശിക്ഷയെ കുറിച്ചുള്ള വിധി നാളെ പറയും.

പ്രേമനൈരാശ്യവും, വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സൂര്യഗായത്രിയുടെ അമ്മ വത്സല അഛൻ ശിവദാസ് എന്നിവരായിരുന്നു കേസ്സിലെ ദൃക്സാക്ഷികൾ.

30-08-2021 തിങ്കളാഴ്ച ഉച്ചയക്ക് രണ്ട് മണിയോടെയാണ് കൃത്യത്തിനാസ്പദമായ സംഭവം നടന്നത്.
സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരിലെ വീട്ടിലെത്തിയായിരുന്നു ആക്രമണം.ശാരീരിക വൈകല്യമുള്ള വ്യക്തികളാണ് സൂര്യയുടെ അച്ഛനും അമ്മയും.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് നിലവിളി ഉയര്‍ന്നുകേട്ടത്. വീടിൻ്റെ അടുക്കള വാതിലിലൂടെ അകത്തുകടന്ന അരുണ്‍, സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതുകണ്ട് അമ്മ വത്സല തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുണ്‍ കുത്തി. സൂര്യയുടെ തല മുതല്‍ കാല്‍ വരെ 33 ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്.തല ചുമരില്‍ ഇടിച്ച് പലവട്ടം മുറിവേല്‍പ്പിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാള്‍ വീണ്ടും വീണ്ടും കുത്തി. സൂര്യയുടെ പിതാവ് ശിവദാസൻ്റെ നിലവിളി ഉയര്‍ന്നതോടെ അരുണ്‍ ഓടി.അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും അരുൺ സമീപത്തെ മറ്റൊരു വീടിന്റെ ടെറസ്സിലേക്ക് ഒളിക്കാൻ ശ്രമിച്ചു. ഇവിടെ നിന്നുമാണ് നാട്ടുകാരും പോലീസും ചേർന്ന് അരുണിനെ പിടിച്ചത്.

സൂര്യയെ കുത്തുന്നതിനിടയിൽ സ്വന്തം കൈ ആഴത്തിൽ മുറിഞ്ഞിട്ടും അരുൺ അക്രമം അവസാനിപ്പിച്ചില്ല. മകളെ കൊല്ലാൻശ്രമിക്കുന്നതുകണ്ട് നിലവിളിച്ച സൂര്യയുടെ അമ്മ വത്സലയുടെ വായ് ഇടതുകൈ കൊണ്ട് പൊത്തിപ്പിടിച്ച ശേഷം അരുൺ മുറിവേറ്റ വലതുകൈകൊണ്ട് സൂര്യഗായത്രിയെ കുത്തി. അക്രമം തടഞ്ഞ സൂര്യയുടെ പിതാവ് ശിവദാസനെയും ഇയാൾ ചവിട്ടി താഴെതള്ളിയിട്ട് മർദിച്ചു.

കൊല്ലപ്പെട്ട സൂര്യഗായത്രിയെ വിവാഹം ചെയ്ത് നല്‍കാത്ത വിരോധമാണ് പ്രതിയെ കൊലക്ക് പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിലും ശാസ്ത്രീയ തെളിവുകളുടെ വെളിച്ചത്തിലും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോള്‍ ക്രൈം ബ്രാഞ്ച് ഭരണവിഭാഗം ഡി.വൈ. എസ്. പിയുമായ ബി.എസ്. സജിമോന്‍ നല്‍കിയ മൊഴി പ്രോസിക്യൂഷന് നിര്‍ണ്ണായക തെളിവായിരുന്നു.

ഭിന്നശേഷിക്കാരും നിസഹായരുമായ മാതാപിതാക്കളുടെ മുന്നിലിട്ടാണ് പ്രതി സൂര്യഗായത്രിയുടെ ശരീരത്തിലുടനീളം 33 കുത്തുകള്‍ കുത്തിയത്. പക അടങ്ങാത്ത പ്രതി സൂര്യഗായത്രിയുടെ തല ചുമരില്‍ പിടിച്ച് ഇടിച്ചും ഗുരുതരമായ പരിക്കേല്‍പ്പിച്ചു. തലയിലെ മുറിവും നെഞ്ചിലും അടിവയറ്റിലുമേറ്റ മാരക മുറിവുകളാണ് മരണത്തിന് ഇടയാക്കിയതെന്ന ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗം പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

അക്രമം തടയാന്‍ ശാരീരിക ശേഷി ഇല്ലാതിരുന്നിട്ടും അതിന് തുനിഞ്ഞ സൂര്യഗായത്രിയുടെ അമ്മ വത്സലയെയും അച്ഛന്‍ ശിവദാസനെയും പ്രതി ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. കത്തിയുടെ നീളവും മുറിവിന്റെ ആഴവും കൃത്യമായിരുന്നതായി പോലീസ് സര്‍ജ്ജന്‍ ധന്യാ രവീന്ദ്രൻ്റെ മൊഴിയും പ്രോസിക്യൂഷന്‍ കേസിന് ഏറെ സഹായകരമായി മാറി.

സംഭവത്തിനും രണ്ട് വർഷം മുമ്പ് അരുൺ സൂര്യയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. എന്നാൽ, ക്രിമിനൽ പശ്ചാത്തലമുള്ള അരുണിന്റെ ബന്ധം വീട്ടുകാർ നിരസിച്ചു. തുടർന്ന് കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടന്നു. സൂര്യയുടെ ഭർത്താവിനേയും അരുൺ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഭർത്താവിൻ്റെ വീട്ടിൽ നിന്നും സൂര്യ ഉഴപ്പാക്കോണത്തെ വാടകവീട്ടിൽ അമ്മയെ കാണാനെത്തി. ഇതറിഞ്ഞാണ് പേയാട് നിന്നും അരുൺ നെടുമങ്ങാട് കരിപ്പൂർ സൂര്യയുടെ വീട്ടിലെത്തിയത്.

39 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.64 രേഖകളും 49 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, അഡ്വ.വിനു മുരളി, അഡ്വ.മോഹിത മോഹൻ,അഡ്വ.അഖില ലാൽ, അഡ്വ.ദേവിക മധു എന്നിവർ ഹാജരായി.

വലിയമല സർക്കിൾ ഇൻസ്‌പെക്ടറും ഇപ്പോൾ ക്രൈംബ്രാഞ്ച് അഡ്മിനിസ്ട്രേഷൻ ഡി.വൈ.എസ്.പി യുമായ ബി.എസ്.സജിമോൻ,
സിവിൽ പോലീസ്‌ ഓഫീസർമാരായ സനൽരാജ്.ആർ.വി, ദീപ.എസ് എന്നിവരാണ് കേസിൻ്റെ അന്വേഷണ നടത്തി കുറ്റപത്രം ഹാജരാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular