ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് റിപ്പോർട്ട്.

images (1) (4)

ദില്ലി: ഈ വർഷം പകുതിയോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് റിപ്പോർട്ട്.

ജൂണോടുകൂടി ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയരു. ഈ സമയം, ചൈനയുടെ ജനസംഖ്യ 142.57 കോടിയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ചൈനയേക്കാൾ 29 ലക്ഷം ജനം ഇന്ത്യയിൽ കൂടുതലായിരിക്കും. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യ‌ക്തമാക്കുന്നത്. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ചൈനയുടെ ജനസംഖ്യ കഴിഞ്ഞ വർഷം കുറഞ്ഞിരുന്നു. ജൂണിൽ ആഗോള ജനസംഖ്യ 8.045 ബില്യണിലെത്തുമെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം, 2011 മുതൽ സെൻസസ് നടത്തിയിട്ടില്ലാത്തതിനാൽ ഇന്ത്യയിലെ ജനസംഖ്യ‌യെക്കുറിച്ച് ഔദ്യോ​ഗിക വിവരം ലഭ്യമല്ല. ഇന്ത്യയുടെ സെൻസസ് 2021-ൽ നടക്കേണ്ടതായിരുന്നു. എന്നാൽ കൊവിഡ് വ്യാപനം കാരണം വൈകി. കൊവിഡിന് ശേഷം ജനസംഖ്യാ സെൻസസ് എപ്പോൾ നടക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. പ്യൂ റിസർച്ച് സെന്റർ പറയുന്നതനുസരിച്ച്, യുഎൻ ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയ 1950 മുതൽ ഇന്ത്യയിലെ ജനസംഖ്യ ഒരു ബില്യണിലധികം വർധിച്ചു.

ഏപ്രിൽ 14 ന് ചൈനയെ മറികടന്ന് ഇന്ത്യ മുന്നിലെത്തുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പ്രവചിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ അടക്കം ജനസംഖ്യ പ്രവചന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നതെന്ന് റോയിട്ടേഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. 2023 ഏപ്രിൽ 14 ന് ഇന്ത്യയിലെ ജനസംഖ്യ 142 കോടി ആയിരിക്കുമെന്നാണ് റോയിട്ടേഴ്സ് പറഞ്ഞത്. ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വൈകുമെന്നും റോയിട്ടേഴ്സ് റിപ്പോ‍ർട്ടിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ഇന്ത്യ ഇക്കാര്യം അംഗീകരിക്കാൻ അടുത്ത സെൻസസ് പൂർത്തിയാകും വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റോയിട്ടേഴ്സ് പറയുന്നത്. ചൈനയിൽ ഏതാനും വർഷങ്ങളായി ജനസംഖ്യ കുറയുന്നതാണ് ഇന്ത്യ മുന്നിലെത്താനുള്ള കാര്യമെന്നാണ് റോയിട്ടേഴ്സ് ചൂണ്ടികാട്ടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular