സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് വെളളിയാഴ്ച വിരമിക്കുന്നു

IMG_20230628_191954_(1200_x_628_pixel)

തിരുവനന്തപുരം:ഡി.ജി.പിയും സംസ്ഥാന പോലീസ് മേധാവിയുമായ അനില്‍കാന്ത് വെളളിയാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കും. 2021 ജൂണ്‍ 30 മുതല്‍ രണ്ടു വര്‍ഷമാണ് അനില്‍കാന്ത് സംസ്ഥാന പോലീസ് മേധാവിയായി പ്രവര്‍ത്തിച്ചത്.

1962 ജനുവരി അഞ്ചിന് ഡല്‍ഹിയിലാണ് അദ്ദേഹം ജനിച്ചത്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി. 1988 ബാച്ചില്‍ ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍ കേരളാ കേഡറില്‍ പ്രവേശിച്ചു.

റോഡ് സുരക്ഷാ കമ്മീഷണര്‍ സ്ഥാനത്തുനിന്നാണ് അനില്‍കാന്ത് സംസ്ഥാന പോലീസ് മേധാവി പദവിയിലെത്തിയത്. എ.എസ്.പി ആയി വയനാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡല്‍ഹി, ഷില്ലോങ് എന്നിവിടങ്ങളില്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി.

മടങ്ങിയെത്തിയശേഷം പോലീസ് ട്രെയിനിംഗ് കോളേജില്‍ പ്രിന്‍സിപ്പലായി. തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും ജോലി ചെയ്തു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണല്‍ എക്സൈസ് കമ്മീഷണര്‍ ആയിരുന്നു.

എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ചശേഷം കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്സ്, ബറ്റാലിയന്‍, പോലീസ് ആസ്ഥാനം, സൗത്ത്സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.

വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. 64 ാമത് ആള്‍ ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്‍റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു.

വിരമിച്ച ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് ഓഫീസര്‍ പ്രീത ഹാരിറ്റ് ആണ് ഭാര്യ. മകന്‍ രോഹന്‍ ഹാരിറ്റ് ന്യൂഡല്‍ഹിയിലെ ഒരു സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറാണ്.

വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് പോലീസ് സേന നല്‍കുന്ന വിടവാങ്ങല്‍ പരേഡ് വെളളിയാഴ്ച രാവിലെ 7.45 ന് തിരുവനന്തപുരം പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടക്കും. കേരളാ പോലീസിന്‍റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് വെളളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular