തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിൽ അല്പശി ഉത്സവത്തിന് സമാപനം കുറിച്ച് നാളെ ശംഖുംമുഖത്ത് ആറാട്ട് നടക്കും. ഇന്നാണ് പള്ളിവേട്ട. ഇന്നലെ രാത്രി ഉത്സവ ശ്രീബലിയിൽ വലിയ കാണിക്ക നടന്നു.
ഇന്ന് രാത്രി ഉത്സവ ശ്രീബലിക്ക് ശേഷം വേട്ടയ്ക്ക് എഴുന്നള്ളിക്കും. ശ്രീപദ്മനാഭ സ്വാമിയുടെ വില്ലേന്തിയ വിഗ്രഹത്തിനൊപ്പം തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയെയും നരസിംഹമൂർത്തിയെയും പടിഞ്ഞാറെ നടയിലൂടെ പുറത്തെഴുന്നെള്ളിക്കും.
പൊലീസും കുതിരപ്പട്ടാളവും കോൽക്കാരും കുന്തക്കാരും ഉദ്യോഗസ്ഥരും അകമ്പടി സേവിക്കും. വാദ്യമേളങ്ങളൊന്നുമില്ലാതെ നിശബ്ദമായാണ് ഘോഷയാത്ര സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലെത്തുക. വേട്ടയ്ക്കുശേഷം വടക്കേ നടവഴി എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തും.