തിരുവനന്തപുരം:നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ വെള്ളാര്‍ ആര്‍ട് വാള്‍ ഇതിനോടകം ജനശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു.
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി ആര്‍ട് വാള്‍ അനാച്ഛാദനം ചെയ്ത് നാടിന് സമര്‍പ്പിച്ചു . ദേശീയപാത ബൈപ്പാസില്‍, 25 അടി ഉയരമുള്ള പ്രതലത്തില്‍ ആകെ 5000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആര്‍ട്‌വാള്‍ സജ്ജമാക്കിയിട്ടുള്ളത്.
സൗരയൂഥവും ക്ഷീരപഥവും ചന്ദ്രനും ഉള്‍പ്പെടെ പ്രപഞ്ചവുമായി ബന്ധപ്പെട്ട ശാസ്ത്ര വിഷയങ്ങളാണ് വരച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരസഭയുടെ മേല്‍നോട്ടത്തില്‍ ആര്‍ട്‌വാളില്‍ പ്രകാശ സംവിധാനവും ഒരുക്കുന്നുണ്ട്.
സർക്കാർ നിർദ്ദേശപ്രകാരം തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലവിധത്തിലുള്ള സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം നടപ്പാക്കിവരികയാണ്.
ഇതിന് അനുബന്ധമായാണ് അമ്യൂസിയം ആര്‍ട് സയന്‍സും സ്വിസ് ഇന്‍ഫോ വെന്‍ച്വേഴ്സും ചേര്‍ന്ന് സയന്‍സ് ആര്‍ട് വാള്‍ സജ്ജമാക്കുന്നത്.
ബ്രാന്‍ഡണ്‍ പ്രൊഡക്ഷന്‍സിലെ കലാകാരായ കെ.പി. അജയ്, ടി.എസ്. രഞ്ജിത്, വി.സി. വിവേക്, പ്രദീഷ് രാജ്, തുഷാര ബാലകൃഷ്ണന്‍, അജിത് രംഗന്‍ശ്രീ, ശിവന്‍കുട്ടി, മിലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം വരച്ചിരിക്കുന്നത്. നഗരത്തിന്റെ മറ്റു ഭാഗങ്ങളിലപം സമാനമായ രീതിയില്‍ ആര്‍ട്‌വാളുകള്‍ തയ്യാറാക്കി നഗരത്തിന് കൂടുതല്‍ സൗന്ദര്യമേകാനാണ് പദ്ധതി.