തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് ബോധവത്കരണവുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസ് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ മെഗാ ഫൈനൽ ചൊവ്വാഴ്ച തിരുവനന്തപുരത്തു നടക്കും. ശംഖുംമുഖത്തെ സുനാമി പാർക്കിൽ ആറിനാണ് മത്സരം.
സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലായി നടന്ന പ്രാഥമികഘട്ട മത്സരങ്ങളിൽ വിജയിച്ചെത്തിയ 18 ടീമുകളിൽനിന്ന് പ്രിലിമിനറിയിൽ തിരഞ്ഞെടുക്കുന്ന ആറ് ടീമുകളാണ് മെഗാ ഫൈനലിൽ മത്സരിക്കുക.
നാലിന് പ്രിലിമിനറി മത്സരം ആരംഭിക്കും. പ്രാഥമികഘട്ടത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച ടീമുകൾക്ക് യഥാക്രമം 5000, 3000, 2000 എന്നിങ്ങനെ സമ്മാനത്തുക ലഭിക്കും. മെഗാഫൈനലിലെ വിജയികൾക്ക് 10,000, 8000, 6000 രൂപ എന്നിങ്ങനെയും.
								
															
															