തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൽ വൻ വിദേശനിക്ഷേപത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എംഎസ്‌സി (മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി).
എംഎസ്‌സിയുടെ ഏറ്റവും വലിയ കപ്പലുകളെല്ലാം വിഴിഞ്ഞത്തെത്തി ചരക്ക് നീക്കം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്‍റ് ലിമിറ്റഡ് (ടിഐഎൽ) വിഴിഞ്ഞം തുറമുഖത്തിൽ 49 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ തീരുമാനിച്ചത്.
ഏകദേശം 27,000 കോടി രൂപ ഇടപാടാണ് നടക്കുന്നത്. ഇതിൽ 13,000 കോടിയുടെ നിക്ഷേപമാണ് വിഴിഞ്ഞത്ത് നടത്തുക. ഇന്ത്യൻ തുറമുഖ മേഖലയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ നിക്ഷേപമാണ് വിഴിഞ്ഞം തുറമുഖത്തിലേക്കെത്തുന്നതെന്നാണ് വിലയിരുത്തൽ.
പ്രവർത്തനം ആരംഭിച്ച് 18 മാസത്തിനുള്ളിൽ തന്നെ 20 ലക്ഷം ടിഇയു കൈകാര്യം ചെയ്ത ഇന്ത്യയിലെ ആദ്യ തുറമുഖമെന്ന നേട്ടവും സ്വന്തമാക്കിയ വിഴിഞ്ഞത്ത് ഇപ്പോൾ തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസന പ്രവർത്തനം പുരോഗമിക്കുകയാണ്.

