തിരുവനന്തപുരം:സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും ചേർന്ന് നടത്തുന്ന ഓണം ടൂറിസം വാരാഘോഷത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു.
ഓണം പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റാലി പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എം. ആർ. ബൈജു എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. മാനവീയം വീഥിയിൽ നിന്ന് ആരംഭിച്ച റാലി മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ട ഗാന്ധി പാർക്കിൽ സമാപിച്ചു.
മുൻവർഷങ്ങളേക്കാൾ വിപുലമായ രീതിയിലാണ് സർക്കാർ ഇത്തവണ ഓണാഘോഷം സംഘടിപ്പിക്കുന്നതെന്നും വാരാഘോഷത്തിന് മുന്നോടിയായി ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലും പതാക ഘോഷയാത്ര എത്തിച്ചേരുമെന്നും എം.എൽ.എ അറിയിച്ചു. ആഗസ്റ്റ് 21, 22, 23 തീയതികളിലാണ് പതാക ഘോഷയാത്ര നടക്കുന്നത്.
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ട്രിവാൻഡ്രം ബൈക്കേഴ്സ് ക്ലബ്ബ്, ഇൻഡസ് സൈക്ലിംഗ് എംബസി എന്നിവ വഴി രജിസ്റ്റർ ചെയ്ത നൂറോളം സൈക്ലിസ്റ്റുകൾ റാലിയിൽ പങ്കെടുത്തു. കെ.ടി.ഡി.സി, ഡി.ടി.പി.സി, നശാ മുക്ത് ഭാരത് അഭിയാൻ, ഫിറ്റ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ പാളയം കൗൺസിലർ ഷേർലി എസ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ ജി. എന്നിവർ സംസാരിച്ചു.

