തിരുവനന്തപുരം:ആക്കുളം ഗുഡ് ഷെപ്പേർഡ് സ്കൂൾ കോമ്പൗണ്ടിലെ മണ്ണെടുപ്പിനെ തുടർന്ന് സമീപത്തെ പി.ആർ.എസ്. ലേക്ക് വില്ല ഫ്ലാറ്റ് അപകടാവസ്ഥയിലായ സംഭവത്തിൽ, കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ജില്ലാ കളക്ടർ അഞ്ജു കെ എസ് ഉത്തരവിട്ടു.
അപകടഭീഷണിയിലായ ഫ്ലാറ്റിലെ താമസക്കാരെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
ഫ്ലാറ്റിന് നാല് മീറ്റർ മാത്രം അകലെയായി രൂക്ഷമായ രീതിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളത്. പാർശ്വഭിത്തി പൂർണ്ണമായും തകർന്ന് വലിയ വിള്ളലുകൾ രൂപപ്പെടുകയും ഫ്ലാറ്റിന് മുൻവശത്തെ റോഡ് ഏകദേശം 50 മീറ്റർ നീളത്തിലും 15 മീറ്റർ ഉയരത്തിലും ഇടിഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളോ പെർമിറ്റ് നിബന്ധനകൾ പ്രകാരമുള്ള റീട്ടെയിനിംഗ് വാളോ നിർമ്മിക്കാതെ അശാസ്ത്രീയമായാണ് സ്കൂൾ അധികൃതർ മണ്ണെടുത്തതെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ഉത്തരവിൽ പറയുന്നു.
ഫ്ലാറ്റിലെ താമസക്കാരെ മാറ്റിപ്പാർപ്പിക്കുന്നതിന് തിരുവനന്തപുരം തഹസിൽദാർ, നഗരസഭാ സെക്രട്ടറി, ജില്ലാ പോലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തി. മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങളുടെ പട്ടിക റസിഡന്റ്സ് അസോസിയേഷൻ വില്ലേജ് ഓഫീസർക്ക് നൽകണം. താമസസൗകര്യം ഒരുക്കേണ്ടത് സ്കൂൾ അധികൃതരാണ്.
മണ്ണ് ഇടിഞ്ഞ ഭാഗം അടിയന്തരമായി ബലപ്പെടുത്തി ഫ്ലാറ്റിന്റെ അപകടാവസ്ഥ പൂർണ്ണമായും ഒഴിവാക്കുന്നതുവരെ സ്കൂളിലെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തിവെക്കണം.
അപകടാവസ്ഥ ഒഴിവാക്കുന്നതിനുള്ള പ്രൊപ്പോസൽ സ്കൂൾ അധികൃതർ സമർപ്പിക്കേണ്ടതും പൊതുമരാമത്ത്, നഗരസഭ, മണ്ണ് സംരക്ഷണം, മൈനിംഗ് ആൻഡ് ജിയോളജി എന്നീ വകുപ്പുകൾ പരിശോധിച്ച് അനുമതി നൽകേണ്ടതാണ്.
നിർമ്മാണത്തിന് ലഭിച്ച അനുമതിക്കുള്ളിൽ നിന്നുകൊണ്ടാണോ നിർമ്മാണ പ്രവർത്തികൾ നടന്നിട്ടുള്ളതെന്നും നഗരസഭ സെക്രട്ടറിയും, അനുവദിച്ച പെർമിറ്റിൽ കൂടുതൽ മണ്ണ് നീക്കിയിട്ടുണ്ടോ എന്ന് ജില്ലാ ജിയോളജിസ്റ്റും പരിശോധിച്ച് നിയമനടപടി സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു

