തിരുവനന്തപുരം:കേവലം രോഗചികിത്സ നൽകുക മാത്രമല്ല, സമൂഹത്തോട് പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും വാർത്തെടുക്കുകയെന്ന പ്രധാന ദൗത്യം കൂടി മെഡിക്കൽ കോളേജുകൾ നിർവഹിക്കുന്നുണ്ടെന്ന് ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം കെ. കരുണാകരൻ ഗവ. മെഡിക്കൽ കോളേജ് പരിശീലന കേന്ദ്രത്തിൽ സംഘടിപ്പിച്ച ആഗോള സ്തനാർബുദ അവബോധ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ പരിപാടിയും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗങ്ങൾ നേരത്തേ കണ്ടെത്തി സമയബന്ധിതമായി ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം രോഗപ്രതിരോധത്തിനും ആരോഗ്യസംരക്ഷണത്തിനും പൊതുജനങ്ങളെ പ്രാപ്തരാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിതശൈലീ രോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രാരംഭഘട്ടത്തിൽ തിരിച്ചറിയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ‘ഹൃദയരാഗം’ പദ്ധതി ഇതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. 18 വയസ്സിന് മുകളിലുള്ളവരിൽ രോഗസാധ്യത വിലയിരുത്തി ആവശ്യമായ പരിശോധനകളും തുടർചികിത്സയും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. രോഗപ്രതിരോധം, കൃത്യമായ ആരോഗ്യപരിശോധന, സമയബന്ധിതമായ ചികിത്സ, തുടർപരിചരണം എന്നിവയിലൂടെ ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്തുകയാണ് ആരോഗ്യവകുപ്പിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും രോഗം നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനുമായാണ് ഒക്ടോബർ ഒന്നു മുതൽ 31 വരെ ആഗോള സ്തനാർബുദ അവബോധ മാസാചരണം സംഘടിപ്പിക്കുന്നത്. രോഗലക്ഷണങ്ങൾ തിരിച്ചറിയുക, കൃത്യസമയത്ത് പരിശോധന നടത്തുക, ആവശ്യമായ ചികിത്സ തേടുക എന്നിവ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്ന വിവിധ പ്രവർത്തനങ്ങളാണ് മാസാചരണത്തിന്റെ ഭാഗമായി നടക്കുന്നത്.
ചടങ്ങിൽ സ്തനാർബുദത്തെ അതിജീവിച്ചവർ തങ്ങളുടെ അനുഭവം പങ്കുവെച്ചു. രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ സാന്നിധ്യം സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും രോഗനിർണയത്തിനും ചികിത്സയ്ക്കും മടിക്കരുതെന്ന സന്ദേശം സമൂഹത്തിലെത്തിക്കുന്നതിനും പ്രചോദനമായി.
കൗൺസിലർ മേരിപുഷ്പം. എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ,പ്രിൻസിപ്പാൾ (AT&ELC) ഡോ.ആർ.ശിവരാമകൃഷ്ണൻ, വൈസ് പ്രിൻസിപ്പാൾ (AT&ELC) ഡോ. കവിത,
സുപ്രണ്ട് ഡോ. വി.കൃഷ്ണവേണി,മെഡിക്കൽ ഓഫീസർ ഡോ. വിശ്വനാഥൻ,ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ പമേല.ബി, ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് സർജൻ ഡോ. അഖിലേഷ്, കൺസൾട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ. നിഷ.ദേവി. കെ.ബി എന്നിവരും പങ്കെടുത്തു..

