തിരുവനന്തപുരം: സ്കൂൾ സന്ദർശനത്തിനിടെ വിദ്യാർത്ഥികൾക്ക് നൽകിയ വാക്ക് പാലിച്ച് ജില്ലാ കളക്ടർ അഞ്ജു കെ.എസ്. കുട്ടികളുടെ ആഗ്രഹപ്രകാരം അവർക്കൊപ്പം സിനിമ കാണാനെത്തിയാണ് കളക്ടർ വേറിട്ട അനുഭവം സമ്മാനിച്ചത്.
നവംബർ 24ന് കളക്ടർ കുറ്റിച്ചൽ ജി. കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ സന്ദർശിച്ചപ്പോഴാണ് വിദ്യാർത്ഥികൾ സിനിമ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ആഗ്രഹം സാധിച്ചുനൽകാമെന്ന് ഉറപ്പ് നൽകിയാണ് അന്ന് കളക്ടർ മടങ്ങിയത്.
ഇതിന്റെ ഭാഗമായി കാട്ടാക്കട ശ്രീ കാളിദാസ് എംപ്ലക്സ് തിയേറ്ററിൽ ‘രാമായണം ‘ സിനിമ കാണാൻ സ്കൂളിലെ 74 വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമൊപ്പം ജില്ലാ കളക്ടറുമെത്തി. കുട്ടികൾക്കൊപ്പം സിനിമ ആസ്വദിച്ച കളക്ടർ അവരുമായി സംവദിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു. കളക്ടർക്കൊപ്പം സിനിമ കാണാനായതിന്റെ സന്തോഷവും ആവേശവും വിദ്യാർത്ഥികൾ പങ്കുവെച്ചു.
സ്കൂൾ പ്രിൻസിപ്പൽ ബിനോയ്, സ്റ്റാഫ് സെക്രട്ടറി സിദ്ധാർഥ്, പട്ടിക വർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

