തിരുവനന്തപുരം : എസ്.എറ്റി ആശുപത്രിയിൽ നടത്തിയ സിസേറിയൻ ശസ്ത്രക്രിയയെ തുടർന്ന് മുറിവിൽ നിന്നും രക്തവും പഴുപ്പും ഉണ്ടായ രോഗിക്ക് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ തുടർചികിത്സ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ജില്ലാ മെഡിക്കൽ ഓഫീസർ ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടിന് ഇതിനാവശ്യമായ നിർദ്ദേശം നൽകണമെന്ന് കമ്മീഷൻ അഡീഷണൽ ഡിഎംഒ ക്ക് നേരിട്ട് നിർദ്ദേശം നൽകി.
അഴൂർ സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷൻ നിർദ്ദേശാനുസരണം വിദഗ്ദ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു. തുടർന്ന് എസ്.എറ്റി ആശുപത്രി ഗൈനക്കോളജി വിഭാഗം മേധാവിയെ കമ്മീഷൻ നേരിൽ കേട്ടു. ചികിത്സാപിഴവുണ്ടായിട്ടില്ലെന്ന് അവർ അറിയിച്ചു. തുടർ ചികിത്സക്ക് ആവശ്യമായ സഹായം നൽകണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു.
പരാതിക്കാരിയുടെ വീടിന് സമീപമുള്ള ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സക്കുള്ള സൗകര്യം നൽകാമെന്ന് അഡീഷണൽ ഡിഎംഒ കമ്മീഷന് ഉറപ്പു നൽകി. പരാതിക്കാരി ചികിത്സക്കായി സമീപിച്ചാൽ തുടർചികിത്സ നൽകണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി.

