തിരുവനന്തപുരം:ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ 2026 ഡിസംബർ 20 മുതൽ 2027 ജനുവരി മൂന്ന് വരെ കനകക്കുന്നിൽ വകുപ്പ് വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.
ടൂറിസം, സാംസ്‌കാരികം, സിനിമ വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് കെ.ടി.ഡി.സി ചൈത്രത്തിൽ ചേർന്ന ആലോചനാ യോഗത്തിലാണ് തീരുമാനം.
തീമാറ്റിക് ഫ്ളവർ ഷോയും കനകക്കുന്നിനെ വർണാഭമാക്കുന്ന ദീപാലങ്കാരങ്ങളുമാണ് പ്രധാന ആകർഷണങ്ങൾ. വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി ഭക്ഷ്യമേളയും വിപുലമായ വ്യാപാരമേളയും സംഘടിപ്പിക്കും. ക്രിസ്തുമസ്, പുതുവത്സര ദിനങ്ങളിലുൾപ്പെടെ വിവിധ കലാപരിപാടികളും കുട്ടികൾക്കായി ചിത്രരചനാ മത്സരങ്ങളും ഉണ്ടായിരിക്കും.
കഴിഞ്ഞ വർഷത്തേതുപോലെ മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് പ്രവേശന നിരക്ക്. രാത്രി 10.30 വരെ ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കും. രാത്രി 12 മണിയോടെ പരിപാടികൾ അവസാനിക്കും.
സന്ദർശകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി പോലീസ്, ഫയർഫോഴ്സ്, കോർപ്പറേഷൻ, വാട്ടർ അതോറിറ്റി, ശുചിത്വ മിഷൻ, ആരോഗ്യ വകുപ്പ് എന്നിവയുടെ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ഭക്ഷ്യശാലകളിലും സ്റ്റാളുകളിലും ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കുന്നതിനും നിരീക്ഷണത്തിനായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.
യോഗത്തിൽ എം എൽ എമാരായ എൻ.ശക്തൻ, എം വിൻസെന്റ്, എം ആർ ബൈജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, ടൂറിസം സെക്രട്ടറി കെ ബിജു , ടൂറിസം ഡയറക്ടർ അനു കുമാരി, ജില്ലാ കലക്ടർ അഞ്ജു കെ എസ്, ഡിസിപി ഷഹൻഷാ കെ എസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

