വിഴിഞ്ഞം : ബസ് കാത്തിരുന്നയാളുടെ തലയിലേക്ക് കെഎസ്ആർടിസി വിഴിഞ്ഞം ഡിപ്പോയിലെ കോൺക്രീറ്റ് പാളി അടർന്നുവീണു ഗുരുതരപരുക്ക്.
വിഴിഞ്ഞം അടിമലത്തുറ അമ്പലത്തുമൂല സ്വദേശി മുഹമ്മദ് കാസിമിന്(67) ആണു പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കു ഡിപ്പോയിലെ കാത്തിരിപ്പുകേന്ദ്രത്തിലായിരുന്നു അപകടം.
കെട്ടിടത്തിന്റെ സീലിങ്ങിലെ വലിയ കോൺക്രീറ്റ് പാളിയാണു തലയിൽ പതിച്ചത്. കൈകാലുകൾക്കും പരുക്കുണ്ട്. ജീവനക്കാരും ബന്ധുക്കളും ചേർന്ന് ആദ്യം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മുറിവ് ഗുരുതരമായതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി

